ബോളിവുഡിലെ സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് .ഇപ്പോഴിതാ താരം തമിഴിലും തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ്. താരത്തിന്റെ തെന്നിന്ത്യയിലേയ്ക്കുള്ള ചുവടുവെയ്പ്പ് ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ബച്ചന്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തെലുങ്കില്‍ സെയ് റാ നരസിംഹ റെഡ്ഡിയിലാണ് ബച്ചന്‍ അഭിനയിക്കുന്നത്. തമിഴില്‍ ഉയര്‍ന്ത മനിതന്‍ എന്ന ചിത്രത്തിലും.
ചിരഞ്ജീവി സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ട് അഭിനയിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഗുരുവായിട്ടാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. സുരേന്ദര്‍ റെഡ്ഡിയാണ് സായ് രാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്.
തമിഴ് വാനന്‍ സംവിധാനം ചെയ്യുന്ന ഉയര്‍ന്ത മനിതനില്‍ എസ് ജെ സൂര്യയുടെ അച്ഛനായിട്ടാണ് ബച്ചന്‍ വേഷമിടുന്നത്. ഗ്രാമീണപശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
ഹിന്ദിയിലും തമിഴിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്.ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര് തേരെ യാര്‍ ഹൂന്‍ മെയിന്‍ എന്നാണ്.ചിത്രത്തിനായി നാല്‍പ്പതു ദിവസത്തെ ഡേറ്റ് ആണ് അമിതാഭ് ബച്ചന്‍ നല്‍കിയിരിക്കുന്നത്
ഉയര്‍ന്ത മനിതനിലെ ഒരു രംഗത്തിന്റെ ഫോട്ടോ അമിതാഭ് ബച്ചന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ശിവാജി ഗണേശന്റെ ഫോട്ടോ നോക്കി നില്‍ക്കുന്ന അമിതാഭ് ബച്ചന്റേയും എസ് ജെ സൂര്യയുടേയും ചിത്രമായിരുന്നു അത്.
‘മാസ്റ്റര്‍ ശിവാജി ഗണേശന്റെ നിഴലില്‍ രണ്ട് വിദ്യാര്‍ഥികള്‍… ഞാനും സൂര്യയും’ തമിഴ് സിനിമയുടെ ഏറ്റവും വലിയ ഇതിഹാസതാരമാണ് ശിവാജി. അദ്ദേഹത്തിന്റെ ഫോട്ടോയാണ് ചുമരില്‍. മികച്ച പ്രതിഭയുളള കലാകാരന്‍. അദ്ദേഹത്തിന് എന്റെ ആദരവ്’ എന്നാണ് ഫേസ്ബുക്കില്‍ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അമിതാഭ് ബച്ചന്‍ കുറിച്ചത്.