കോട്ടയം: നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ താരസംഘടനയായ ‘അമ്മ’യില്‍നിന്നു രാജിവച്ച നടിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.ബി. രാജേഷ് എംപി. ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകക്കൊപ്പമല്ല പ്രതിക്കൊപ്പമാണ് തങ്ങളെന്നാണ് ‘അമ്മ’ പ്രഖ്യാപിച്ചിരിക്കുന്നതെന്നും, കേസിന്റെ വിചാരണ പൂര്‍ത്തിയാവും മുമ്പ് ആരോപണ വിധേയനെ തിരിച്ചെടുത്ത നടപടി നീതിബോധത്തെ പരിഹസിക്കുന്നതും അങ്ങേയറ്റം സ്ത്രീ വിരുദ്ധവുമാണെന്നും കുറിപ്പില്‍ പറയുന്നു.
മാത്രമല്ല, വനിതാ സിനിമാ പ്രവര്‍ത്തകരുടെ ധീരമായ രാജി ചരിത്ര പ്രാധാന്യമുള്ള പ്രതിഷേധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് എംപി നിലപാടു വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘അമ്മ’യില്‍ നിന്ന് രാജിവച്ച വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം. ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകക്കൊപ്പമല്ല പ്രതിക്കൊപ്പമാണ് തങ്ങളെന്നാണ് ‘അമ്മ’ പ്രഖ്യാപിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ പൂര്‍ത്തിയാവും മുമ്പ് ആരോപണ വിധേയനെ തിരിച്ചെടുത്ത നടപടി നീതിബോധത്തെ പരിഹസിക്കുന്നതും അങ്ങേയറ്റം സ്ത്രീ വിരുദ്ധവുമാണ്. ഇരക്കൊപ്പമാണെന്ന് ഇതുവരെ അഭിനയിച്ചു വന്ന ‘അമ്മ’ ആത്യന്തികമായി നിലയുറപ്പിക്കുന്നത് വേട്ടക്കാര്‍ക്കൊപ്പമാണെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല. വെള്ളിത്തിരയില്‍ നീതിക്കു വേണ്ടി നിലകൊള്ളുന്ന വീര പരിവേഷക്കാരായ നായകര്‍ക്ക് സ്വന്തം പ്രവൃത്തി മണ്ഡലത്തില്‍ സഹപ്രവര്‍ത്തകയോട് നീതി പുലര്‍ത്താനാവുന്നില്ലെന്നത് പരിഹാസ്യമാണ്.വനിതാ സിനിമാ പ്രവർത്തകരുടെ ധീരമായ രാജി ചരിത്ര പ്രാധാന്യമുള്ള പ്രതിഷേധമാണ്.