കൊച്ചി: മലയാളി താരസംഘടന അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്. വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് വാശിയേറിയ മത്സരമാണ് ഇത്തവണ നടക്കുന്നത്. പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
എന്നാല്‍, എല്ലാ സ്ഥാനങ്ങളിലേക്കും മത്സരമില്ല. ട്രഷറര്‍ സ്ഥാനത്തേക്കു സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി പദത്തിലേക്കു ജയസൂര്യക്കും എതിരില്ല. കടുത്ത മത്സരം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ്. ഔദ്യോഗിക പാനലിന്റെ ഭാഗമായി ശ്വേത മേനോനും, ആശാ ശരത്തും മത്സരിക്കും. മണിയന്‍ പിള്ള രാജുവാണ് മത്സര രംഗത്തുള്ള മൂന്നാമത്തെ വ്യക്തി. ജഗദീഷും മുകേഷും പത്രിക സമര്‍ച്ചിരുന്നെങ്കിലും പിന്‍വലിച്ചു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും വോട്ടെടുപ്പുണ്ടാകും.
14 പേരാണു പത്രിക നല്‍കിയിട്ടുള്ളത്. ഹണി റോസ്, ലെന, മഞ്ജു പിള്ള, രചന നാരായണന്‍ കുട്ടി, ബാബുരാജ് , നിവിന്‍ പോളി, സുധീര്‍ കരമന, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, സുരഭി ലക്ഷ്മി എന്നിവരാണ് ഔദ്യോഗിക പാനലില്‍. ലാല്‍, വിജയ് ബാബു, നാസര്‍ ലത്തീഫ് എന്നിവരാണു പാനലിനു പുറത്തു നിന്നു മത്സര രംഗത്തുള്ളത്.
ഷമ്മി തിലകന്‍ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേയ്ക്ക് പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും ഒപ്പിടാതിരുന്നതിനാല്‍ ഇത് തള്ളിയിരുന്നു. അംഗങ്ങള്‍ക്കായി നടപ്പാക്കിയ പദ്ധതികളാണ് ഔദ്യോഗിക വിഭാഗം എടുത്തുകാട്ടുന്നത്. ഇതോടൊപ്പം സ്ത്രീകളുടെ പ്രാതിനിധ്യവും പ്രചരണ വിഷയമാക്കിയിട്ടുണ്ട്.