കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃയോഗം കൊച്ചിയില്‍ ആരംഭിച്ചു. നിരവധി വിവാദ വിഷയങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് അഭിനേതാക്കളുടെ സംഘടന നേതൃയോഗം ചേരുന്നത്.
ലോക്ക് ഡൗണില്‍ ചെന്നൈയില്‍ കുടുങ്ങിയ അമ്മ അധ്യക്ഷന്‍ മോഹന്‍ലാലിന് തിരിച്ചെത്താന്‍ സാധിക്കാത്തതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാവും ചര്‍ച്ചകളില്‍ പങ്കുചേരുക.
നടി ഷംന കാസിമിനെതിരായ ബ്ലാക്ക് മെയില്‍ കേസ്, താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം, സിനിമയില്‍ ഉയര്‍ന്നു വരുന്ന താരങ്ങളെ ഒതുക്കാന്‍ കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടന്‍ നീരജ് മാധവിന്റെ ആരോപണം, സിനിമ ഷൂട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ തുടങ്ങി നിരവധി ഗൗരവ വിഷയങ്ങളാണ് ഇന്ന് ചര്‍ച്ച ചെയ്യുകയെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ നിര്‍മാതാക്കളും ഫെഫ്കയും ഉന്നയിച്ച നിര്‍ദേശങ്ങളും ആവശ്യങ്ങളും യോഗം ചര്‍ച്ച ചെയ്യുമെന്ന് അമ്മ വൈസ് പ്രസിഡിന്റും എംഎല്‍എയുമായ ഗണേഷ് കുമാറും അറിയിച്ചു.