തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങിനിടെ നടന്‍ മോഹന്‍ലാലിനെതിരെ ‘കൈതോക്ക്’ ഏന്തി പ്രതീകാത്മകമായി വെടിവെച്ച് പ്രതിഷേധിച്ച നടന്‍ അലന്‍സിയറിനെതിരെ നടപടിയെടുക്കാന്‍ എഎംഎംഎയുടെ നീക്കം.
സംഘടനയുടെ പൊതുവായ അച്ചടക്കം ലംഘിക്കലിന്റെ പരിധിയില്‍ ഇതു വരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തില്‍. ഒരു ഉത്തരവാദിത്തമുള്ള താരത്തിന്റെ ഭാഗത്തു നിന്നും ഇത്തരം അനുഭവം ഉണ്ടായതില്‍ മോഹന്‍ലാലിനും കടുത്ത അമര്‍ഷമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് സിനിമാ പ്രവര്‍ത്തകരും വേദിയില്‍ ഇരിക്കേയാണ് അലന്‍സിയറിന്റെ മോശം പെരുമാറ്റം. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു നടന്‍ ചെയ്തത്.
കൈ തോക്കാക്കി ലാലിനെതിരെ വെടിയുതിര്‍ത്ത ശേഷം സ്റ്റേജിലേക്ക് കയറാനും അലന്‍സിയര്‍ ശ്രമം നടത്തി. ഈ ശ്രമം ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേര്‍ന്നു തടയുകയായിരുന്നു. തുടര്‍ന്ന് അലന്‍സിയറിനെ സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര അവാര്‍ഡില്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാര ജേതാവു കൂടിയായിരുന്നു അലന്‍സിയര്‍. പുരസ്‌ക്കാരം വാങ്ങാന്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ അലന്‍സിയറിനോട് എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയും ചെയ്തിരുന്നു. ചിരിച്ചു കൊണ്ടാണ് ലാല്‍ ഇതേക്കുറിച്ച് സംസാരിച്ചത്. മുഖ്യമന്ത്രിയും അലന്‍സിയറിനോട് കാര്യങ്ങള്‍ തിരക്കിയിരുന്നു. സ്വഭാവ നടനുള്ള പുരസ്‌കാരം അലന്‍സിയര്‍ മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിക്കുകയും മോഹന്‍ലാലിനെ കെട്ടിപ്പിടിച്ചതിനും ശേഷമാണ് സ്റ്റേജില്‍ നിന്നിറങ്ങിയത്.
അതേസമയം മോഹന്‍ലാല്‍ എന്ന മഹാനടനെതിരേ വെടിയുതിര്‍ത്തതല്ലെന്നും സാമൂഹിക വ്യവസ്ഥിതിയില്‍ ആരും സുരക്ഷിതരല്ലെന്ന് ചൂണ്ടികാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. മോഹന്‍ലാലിന്റെ അഭിനയത്തെ എന്നും ആരാധനയോടെ മാത്രമാണ് കണ്ടിട്ടുള്ളതെന്നും വ്യവസ്ഥിതിക്കെതിരെ ആക്ഷേപഹാസ്യത്തിലൂടെ പ്രതികരിച്ചത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹന്‍ലാലിനെതിരെ ‘കൈതോക്ക്’ പ്രയോഗിച്ചിട്ടില്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി.