കൊച്ചി: താരങ്ങള്‍ പ്രതിഫലം കുറക്കുന്ന വിഷയത്തില്‍ തീരുമാനമായി. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് സിനിമയെ കരകയറ്റാന്‍ 50 ശതമാനം വരെ പ്രതിഫലം കുറക്കാന്‍ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും.
ചക്കരപ്പറമ്പ് ഹോളി ഡേ ഇന്‍ ഹോട്ടലില്‍ അമ്മയുടെ നിര്‍വാഹകസമിതി യോഗത്തിലായിരുന്നു തീരുമാനം. അതേസമയം ചരക്കപ്പറമ്പ് കണ്ടെന്‍മെന്റ് സോണിലായതിനാല്‍ യോഗം നിര്‍ത്തിവച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ഹോട്ടല്‍ അടപ്പിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമ മേഖല വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നും അതിനാല്‍ താരങ്ങള്‍ കുറഞ്ഞത് ഇരുപത്തിയഞ്ചു ശതമാനമെങ്കിലും അവരുടെ പ്രതിഫലം കുറക്കണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഫലം പകുതിയെങ്കിലും കുറക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിര്‍ദേശം.
പുതിയ സിനിമകള്‍ ചിത്രീകരണം തുടങ്ങേണ്ടെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിലപാടിനോട് അമ്മ സംഘടനക്ക് വിയോജിപ്പാണുള്ളത്. നൂറ് ദിവസത്തിലേറെയായി സിനിമ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ അഭിനേതാക്കളുടെ തൊഴില്‍ മുടങ്ങുന്നത് തുടരാനാകില്ലെന്നാണ് സംഘടനയുടെ നിലപാട്. പുതിയ സിനിമകള്‍ തുടങ്ങിയാല്‍ സഹകരിക്കാമെന്നാണ് സംഘടനയുടെ തീരുമാനം.