വിലക്ക് നീക്കി അമ്മ ; വിനയന്‍ ചിത്രങ്ങളില്‍ ഇനി താരങ്ങള്‍ക്കും അഭിനയിക്കാം

vinayan.

കൊച്ചി: സംവിധായകന്‍ വിനയന് താരസംഘടനയായ അമ്മ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. താരങ്ങള്‍ക്ക് ഇനി വിനയന്റെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് തടസ്സമുണ്ടാകില്ല.

വിനയന്റെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് അമ്മയിലെ അംഗങ്ങള്‍ക്ക് ഇതുവരെ സംഘടനയുടെ അനുമതിയുണ്ടായിരുന്നില്ല. വിനയന്റെ പുതിയ ചിത്രത്തിലേക്ക് ഗണേശ്കുമാറിനും സിദ്ദിഖിനും ക്ഷണവും ലഭിച്ചു. കലാഭവന്‍ മണിയുടെ ജീവിതം പ്രമേയമാക്കിയുള്ളതാണ് പുതിയ വിനയന്‍ ചിത്രം.

നേരത്തെ വിനയനെ സിനിമയില്‍ വിലക്കിയ സംഭവത്തില്‍ സിനിമാസംഘടനകള്‍ക്കും ഭാരവാഹികള്‍ക്കും കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പിഴവിധിച്ചിരുന്നു. വിനയന്‍ നല്‍കിയ പരാതിയേത്തുടര്‍ന്നായിരുന്നു നടപടി.

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’, സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ‘ഫെഫ്ക’, ഫെഫ്കയ്ക്കു കീഴില്‍ വരുന്ന ഡയറക്ടേഴ്‌സ് യൂണിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ എന്നീ സംഘടനകള്‍ക്കും ഭാരവാഹികള്‍ക്കുമാണ് പിഴ വിധിച്ചത്. അന്തരിച്ച നടന്‍ തിലകനും തനിക്കും വിലക്കേര്‍പ്പെടുത്തിയതായി കാണിച്ച് 2014ലാണ് വിനയന്‍ പരാതി നല്‍കിയത്.

Top