കൊച്ചി: ദിലീപിന്റെ രാജി താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിരുന്നു എന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. താന്‍ പ്രസിഡന്റ് ആയതിനു ശേഷം വന്ന വലിയ വിഷയമായിരുന്നു ദിലീപിന്റേത്. ഇത് വ്യക്തിപരമായി തന്നെ അധിഷേപിക്കുന്നതിന് ഉപയോഗിച്ചു. ദിലീപിനോട് താന്‍ രാജി ആവശ്യപ്പെടുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
നടിമാര്‍ മാപ്പു പറയേണ്ടതില്ല എന്നാല്‍, രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ അപേക്ഷ നല്‍കണം. അമ്മയുടെ അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. ദിലീപിന്റെ രാജി സ്വീകരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. ഡബ്ല്യുസിസി അംഗങ്ങളെ നടിമാരെന്ന് അഭിസംബോധന ചെയ്താണ് അമ്മ ഭാരവാഹികള്‍ എല്ലാവരും സംസാരിച്ചത്. 3 നടിമാര്‍ സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നും അമ്മ പറഞ്ഞു. ജനറല്‍ ബോഡിയുടെതാണ് അന്തിമ തീരുമാനങ്ങളെന്നും വ്യക്തിപരമായി അവര്‍ തിരിച്ചു വരുന്നതില്‍ തനിയ്‌ക്കെതിര്‍പ്പില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യൂസിസി പ്രതിനിധികള്‍ പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ നടപടി വൈകുന്നതില്‍ ‘അമ്മ’യ്‌ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങിയായിരുന്നു ഡബ്ല്യൂസിസി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.
ഡബ്ല്യൂസിസിയിലെ ഒരാളുടെ പേരു പറയാനുള്ള മര്യാദ പോലും അമ്മ പ്രസിഡന്റ് കാണിച്ചില്ലെന്നും നടിമാര്‍ എന്നു പറഞ്ഞാണ് സംസാരിച്ചതെന്നും മോഹന്‍ലാലിനെതിരെ തുറന്നടിച്ച് രേവതി രംഗത്തെത്തിയിരുന്നു. ദിലീപ് അമ്മ സംഘടനയില്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നാണ് പത്മപ്രിയ പറഞ്ഞത്.
കേരളത്തിലെ സിനിമാ സംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ലെന്നും 15 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടതെന്നും പ്രതിയായ നടന്‍ നടിയുടെ അവസരങ്ങള്‍ തട്ടിമാറ്റിയെന്നും ഇക്കാരണങ്ങള്‍ കൊണ്ടൊക്കെയാണ് ഡബ്ല്യൂസിസി എന്ന സംഘടന രൂപീകരിക്കാന്‍ കാരണമായതെന്നും പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു.
അമ്മ സംഘടന സ്ത്രീകളുടെ അവസരങ്ങള്‍ തട്ടിമാറ്റുന്ന സംഘടനയായി മാറിയെന്നും ആരോപിതനായ വ്യക്തിയെ സംരക്ഷിക്കുവാനാണ് സംഘടന ശ്രമിച്ചതെന്നും ആക്രമിക്കപ്പെട്ടയാള്‍ സംഘടനയ്ക്കു പുറത്തായെന്നും അമ്മ ഭാരവാഹികള്‍ എന്തൊക്കെയോ മറച്ചു വെയ്ക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നും ഡബ്ല്യൂസിസി തുറന്നു പറയുകയും ചെയ്തിരുന്നു.
തുടര്‍ന്നും അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കുമെന്നും എന്നാല്‍ കണ്ണടച്ച് ഇനി ആരെയും വിശ്വസിക്കില്ലെന്നും അമ്മ ഒരു സന്തോഷകരമായ കുടുംബമല്ലെന്നും ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു.
മുറിവേറ്റു, അപമാനിക്കപ്പെട്ടു, തോല്‍പ്പിക്കപ്പെട്ടു വെളിപ്പെടുത്തലുകളോ രാജിയോ അല്ല ലക്ഷ്യം. വരും തലമുറയ്ക്ക് മാന്യമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകണം. ആര് പിന്തുണച്ചില്ലെങ്കിലും നിശബ്ദരാകില്ല. അമ്മ സംഘടനയുടെ മുഖംമൂടി പുറത്തെറിയാനുള്ള പ്രതിഷേധമാണ് തങ്ങളുടേതെന്നും ഡബ്ല്യുസിസി അറിയിച്ചിരുന്നു.