മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നിർവഹിച്ചു. 10 കോടി രൂപ ചെലവിൽ കലൂരിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ മന്ദിരം പണിതുയർത്തിയത്. മലയാള സിനിമയ്ക്ക് നിരവധി നല്ല കാര്യങ്ങൾ ഈ ബിൽഡിംഗ് കൊണ്ട് ലഭിക്കട്ടെയെന്നും ട്വന്റി 20ക്ക് ശേഷം വീണ്ടുമൊരു സിനിമ വരുമെന്നും ഉദ്‌ഘാടനം വേളയിൽ മോഹൻലാൽ പറഞ്ഞു. സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മയ്ക്ക് ആസ്ഥാനമന്ദിരം ഒരുങ്ങിയത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ നൂറ് പേര്‍ക്കായിരുന്നു പ്രവേശനം. താരങ്ങൾക്ക് കഥകൾ കേൾക്കാനുള്ള സൗകര്യം ഉൾപ്പടെ കെട്ടിടത്തിൽ സജീകരിച്ചിട്ടുണ്ട്. 2019 നവംബറിലാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആറ് മാസത്തെ സമയപരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ നിര്‍മ്മാണം പ്രതീക്ഷിച്ചതിലും വൈകി. സംഘടനയുടെ ജനറല്‍ ബോഡി ഒഴികെയുള്ള യോഗങ്ങള്‍ക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും.