കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടന ‘അമ്മ’യിലെ പ്രമുഖ നടീനടന്മാരുടെ ഫോണ്‍ വിളികള്‍ പൊലീസ് നിരീക്ഷിച്ചതായി റിപ്പോര്‍ട്ട്. അമ്മയുടെ പൊതുയോഗത്തിനു മുന്‍പുള്ള ദിവസങ്ങളിലായിരുന്നുവത്രേ നടീനടന്മാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചത്.
പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം നേരിടുന്ന നടന്‍ ദിലീപിന് അനുകൂലമായി കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസിന്റെ നടപടി.
സിനിമാരംഗത്തു നിന്നുള്ള 20 സാക്ഷികളുടെ മൊഴികള്‍ വിചാരണഘട്ടത്തില്‍ പ്രോസിക്യൂഷനു നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം സാക്ഷിവിസ്താരം ആരംഭിക്കാനാണു പ്രോസിക്യൂഷന്റെ ശ്രമം.
മാത്രമല്ല, സൂപ്പര്‍സ്റ്റാറുകള്‍ അഭിനയിക്കുന്ന ചിത്രങ്ങളില്‍ സാക്ഷികള്‍ക്കു മികച്ച റോളുകള്‍ വാഗ്ദാനം ചെയ്തതായും രണ്ടു മാസം മുന്‍പേ പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനുള്ള പ്രതിഫലമായി വന്‍തുക കൈമാറാമെന്നും വാഗ്ദാനമുണ്ടത്രേ.
കൂടാതെ, അമ്മയിലേക്ക് ദിലീപിനെ തിരിച്ചെത്തിക്കാനായി ഒരു നിര്‍മാതാവും സംവിധായകനും മുന്നിട്ടിറങ്ങിയതായി അമ്മയിലെ ചിലരുടെ ഫോണ്‍ സംഭാഷണങ്ങളില്‍നിന്ന് അറിയാനായെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ജൂലൈ 11ന് കേസ് വീണ്ടും പരിഗണിക്കും.