കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിവാദത്തില്‍ ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും ഇന്ന് ചര്‍ച്ച നടത്തും.
അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ചൊവ്വാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കും.
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ച അംഗങ്ങളുമായാണ് ആദ്യ ചര്‍ച്ച. തുടര്‍ന്ന് പുതിയ ഭരണസമിതി ചുമതലയേറ്റശേഷമുള്ള ആദ്യ എക്‌സിക്യൂട്ടിവ് യോഗം ചേരും.
വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി പ്രതിനിധികള്‍ നേരത്തെ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ പ്രതിഷേധിച്ച് ചില നടിമാര്‍ അമ്മയില്‍ നിന്നും രാജി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരുന്നതിനായി അമ്മയിലെ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസും രചനാ നാരായണന്‍കുട്ടിയും നല്‍കിയ ഹര്‍ജി പിന്‍വലിച്ചേക്കും. അമ്മയുടെ പിന്തുണ ആവശ്യമില്ലെന്ന് ആക്രമണത്തിനിരയായ നടി കോടതിയില്‍ നിലപാട് വ്യക്തമാക്കിയതാണ് ഹര്‍ജി പിന്‍വലിക്കാനുള്ള കാരണം.