ന്യൂഡല്‍ഹി: അധികാരത്തിന് നേരെ ചോദ്യം ചോദിക്കുന്നവരെ നിശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ആംനസ്റ്റി ഇന്ത്യ. മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആംനസ്റ്റി ഇന്ത്യ. ഇവരുടെ ഓഫീസില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടന്നതിന് തൊട്ടു പിന്നാലെയാണ് ആംനസ്റ്റി ഉദ്യോഗസ്ഥരുടെ പ്രസ്ഥാവന. സര്‍ക്കാര്‍ സാമൂഹിക സംഘടനകളെ ഭയപ്പെടുത്താന്‍ നോക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഇന്ത്യന്‍ നിയമങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്ന തരത്തിലാണ് സംഘടനയുടെ പ്രവര്‍ത്തനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ, വിദേശ പണമിടപാടുമായി ബന്ധപ്പെട്ടാണ് ഇഡി ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ തെരച്ചില്‍ നടത്തിയത്. ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാതെയാണ് സാമ്പത്തിക വിനിമയം നടത്തുന്നത് എന്നാണ് ഇപ്പോള്‍ റെയ്ഡുകള്‍ നടത്തിയതിന്റെ പിന്നിലുള്ള ആരോപണം.
‘ഇഡി അധികൃതര്‍ ഓഫീസില്‍ എത്തിയതിന് ശേഷം ജീവനക്കാരോട് പുറത്തു പോകരുതെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അവരുടെ കമ്പ്യൂട്ടററുകളും ഫോണും ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിശദമായ പരിശോധനയാണ് നടന്നത്.’ ആംനസ്റ്റി ട്വിറ്ററിലൂടെ അറിയിച്ചു.
വിദേശത്ത് നിന്ന് ധന സംഭാവനകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഇഎംഎ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) ലംഘിച്ചതിനാണ് എഫ്‌സിആര്‍എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്) യൂണിറ്റിന്റെ നടപടി. ആംനസ്റ്റി യുകെ അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് നിയമവിരുദ്ധമായി പണം സ്വീകരിച്ചു എന്നാണ് ആരോപണം. 36 കോടി രൂപയാണ് ഇത്തരത്തില്‍ 2014 മേയ്ക്കും 2016 ഓഗസ്റ്റിനുമിടയില്‍ ആംനസ്റ്റി ഇന്ത്യ സ്വീകരിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.
രണ്ടാഴ്ച മുമ്പാണ് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു എന്‍ജിഒ ആയ ഗ്രീന്‍ പീസിന്റെ ബംഗളൂരു ഓഫീസിലും അനുബന്ധ ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയത്. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ കേന്ദ്രീകരിക്കുന്ന സംഘടന നിയമവിരുദ്ധമായി വിദേശ സംഭാവന സ്വീകരിക്കുന്നു എന്നായിരുന്നു ആരോപണം. അതേസമയം ആരോപണങ്ങള്‍ ഗ്രീന്‍ പീസ് തള്ളിക്കളയുന്നു. വിജയ് മല്യക്കും നിരവ് മോദിക്കുമെല്ലാം തട്ടിപ്പ് നടത്തി രാജ്യം വിടാം. എന്നാല്‍ സന്നദ്ധ സംഘടനകള്‍ സര്‍ക്കാരിന്റെ ശത്രുക്കളാണ് എന്ന അവസ്ഥയാണ് എന്ന് കാരവാന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ ജോസ് ട്വീറ്റ് ചെയ്തു.