ഓങ് സാന്‍ സൂ ചിക്കു നല്‍കിയ ബഹുമതി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പിന്‍വലിച്ചു

Aung San Suu Kyi

ലണ്ടന്‍ : മ്യാന്‍മര്‍ ഭരണാധികാരി ഓങ് സാന്‍ സൂ ചിക്കു നല്‍കിയ പരമോന്നത ബഹുമതി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പിന്‍വലിച്ചു. രോഹിങ്യന്‍ മുസ്‌ലിംകള്‍ക്കു നേരെ മ്യാന്‍മര്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളില്‍ ഇടപെടാത്തതു ചൂണ്ടിക്കാട്ടിയാണു തീരുമാനം.

സൂ ചിയുടെ ബഹുമാനാര്‍ഥം നല്‍കിയിരുന്ന കാനേഡിയന്‍ പൗരത്വവും ഇതേ പ്രശ്‌നത്തിന്റെ പേരില്‍ പിന്‍വലിച്ചിരുന്നു. ഭീര്‍ഘകാലം പട്ടാളഭരണകൂടത്തിന്റെ വീട്ടുതടങ്കലിലായിരുന്നപ്പോഴാണ് സൂ ചിക്കു നൊബേല്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നല്‍കിയിരുന്നത്.

മുമ്പു സ്വീകരിച്ചിരുന്ന നിലപാടുകളോടു ലജ്ജാവഹമായ വഞ്ചനയാണു സൂ ചി കാണിക്കുന്നതെന്നും ഇപ്പോള്‍ സൂ ചിയെ പ്രത്യാശയുടെ പ്രതീകമായി കണക്കാക്കാന്‍ കഴിയില്ലെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. 2009ലാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സൂ ചിക്ക് പരമോന്നത ബഹുമതി നല്‍കി ആദരിച്ചത്.

Top