പ്രോഫിറ്റ് ഷെയറിംഗ് വഴി ഷാരൂഖ് ഖാൻ ‘പഠാനി’ലൂടെ നേടിയ തുക; കണക്കുകൾ പുറത്ത്

ന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് ബോളിവുഡ് ചിത്രം പഠാന്‍. ഷാരൂഖ് ഖാന്‍ നായകനായ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയ ഗ്രോസ് 1000 കോടിയില്‍ ഏറെയാണ്. ബോളിവുഡ് വ്യവസായത്തെപ്പോലെ ഷാരൂഖ് ഖാനും ഈ വിജയം ഏറെ പ്രധാനമായിരുന്നു. കാരണം കരിയറിലെ തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് നാല് വര്‍ഷം സിനിമയില്‍ നിന്ന് അകന്നു നിന്നതിനു ശേഷമാണ് അദ്ദേഹം പഠാന്‍ ചെയ്തത്. നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിനും വിതരണക്കാര്‍ക്കുമൊക്കെ നേട്ടമുണ്ടാക്കിയ ചിത്രം നായക കഥാപാത്രത്തെ അവതരിപ്പിച്ച ഷാരൂഖ് ഖാന് നല്‍കിയ സാമ്പത്തിക നേട്ടം എന്താണ്?

മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രതിഫലം ആയിരുന്നില്ല ഷാരൂഖ് ഖാന് ചിത്രത്തില്‍. മറിച്ച് ലാഭവിഹിതം പങ്കുവെക്കുന്ന കരാര്‍ ആയിരുന്നു. നിര്‍മ്മാതാവിന് ലഭിക്കുന്ന ലാഭത്തിന്റെ 60 ശതമാനം എന്നായിരുന്നു കരാര്‍. 270 കോടി ബജറ്റ് ഉണ്ടായിരുന്ന ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ​ഗ്രോസ് കളക്ഷന്‍ 657.85 കോടിയും വിദേശത്തുനിന്ന് നേടിയത് 392.55 കോടിയുമാണ്. ആകെ 1050.40 കോടി! ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 245 കോടിയും വിദേശത്തു നിന്ന് നേടിയത് 178 കോടിയുമാണ്. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയില്‍ നിന്ന് മറ്റൊരു 150 കോടിയും മ്യൂസിക് റൈറ്റ്സില്‍ നിന്ന് 30 കോടിയും ലഭിച്ചു. മുഴുവന്‍ വരുമാനവും പരി​ഗണിക്കുമ്പോള്‍ 270 കോടി മുടക്കിയ യാഷ് രാജ് ഫിലിംസിന് ലഭിച്ചത് 603 കോടിയാണ്. അതായത് 333 കോടി രൂപ ലാഭം! കരാര്‍ പ്രകാരം ഷാരൂഖ് ഖാന് ലഭിക്കുക 200 കോടി ആണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് പഠാന്റെ സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തിയറ്ററില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം മാര്‍ച്ച് 22 ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്.

Top