ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ 22.5 ശതമാനം വര്‍ദ്ധനവുണ്ടായതായി ലോക ബാങ്ക്.
എണ്ണായിരം കോടി ഡോളര്‍ (5.71 ലക്ഷം കോടിയോളം ഇന്ത്യന്‍ രൂപ) ആണ് ഈ വര്‍ഷം വിദേശത്തുള്ള ഇന്ത്യക്കാര്‍ രാജ്യത്തേക്ക് അയച്ചതെന്നാണ് പുറത്തുവിട്ട കണക്കുകള്‍. ലോകത്ത് വിദേശരാജ്യങ്ങളില്‍ നിന്ന് ഏറ്റവുമധികം പണം വരുന്ന രാജ്യമെന്ന സ്ഥാനവും ഇന്ത്യ നിലനിര്‍ത്തി.
ഇന്ത്യയ്ക്ക് ശേഷം ചൈനയും മെക്സിക്കോയും ഫിലിപ്പൈന്‍സുമാണ് ഏറ്റവുമധികം പണം വിദേശത്ത് നിന്ന് സ്വീകരിക്കുന്നത്. അമേരിക്ക അടക്കമുള്ള വിദേശ സാമ്പത്തിക മേഖലകള്‍ ശക്തിപ്രാപിച്ചതും എണ്ണവിലയിലുണ്ടായ വര്‍ദ്ധനവുമാണ് രാജ്യത്തേക്ക് കൂടുതല്‍ പണം എത്താനുള്ള കാരണമായി പറയുന്നത്.
യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന പണത്തിന്റെ അളവിനെ എണ്ണവില വര്‍ദ്ധനവ് കാര്യമായി സ്വാധീനിച്ചു. 2018 ലെ ആദ്യ പകുതിയില്‍ മാത്രം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അയക്കപ്പെട്ട പണത്തില്‍ 13 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.
യുഎഇയില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം പണം എത്തുന്നത്