‘വര്‍ഗീയത തുലയട്ടെ’ ഒരു ദിവസത്തെ ബസ് കളക്ഷന്‍ തുക അഭിമന്യുവിന്റെ കുടുംബത്തിന്

കൊല്ലം : കൊച്ചി മഹാരാജാസ് കോളേജില്‍ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ അവസാന മുദ്രാവാക്യം ഏറ്റെടുത്ത് ഒരു ബസ് സര്‍വീസ്.

അഭിമന്യുവിന്റെ ചിത്രത്തിനൊപ്പം ‘വര്‍ഗീയത തുലയട്ടെ’ എന്നെഴുതിയ ബാനറുമായാണ് വര്‍ക്കല പരവൂര്‍ റൂട്ടിലോടുന്ന മന്‍ഹ ഫാത്തിമയെന്ന ബസ് സര്‍വീസ് നടത്തിയത്. ഇന്നത്തെ മുഴുവന്‍ കളക്ഷനും അഭിമന്യുവിന്റെ കുടുംബത്തിന് നല്‍കുമെന്ന് ബസുടമയും ജീവനക്കാരും പറഞ്ഞു. ഇന്ന് ബസില്‍ കയറുന്ന യാത്രക്കാരില്‍നിന്ന് ടിക്കറ്റ് ചാര്‍ജ് ഈടാക്കില്ല. പകരം അവര്‍ക്ക് ഇഷ്ടമുള്ള തുക സംഭാവനയായി നല്‍കാം.

വര്‍ഗീയതക്കെതിരെ അഭിമന്യുവിന്റെ അവസാന മുദ്രാവാക്യം ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ 2200 കേന്ദ്രങ്ങളില്‍ ചുമരെഴുത്ത് സമരം നടത്തുന്നുണ്ട്.

ജൂലൈ 2ന് പുലര്‍ച്ചെയാണ് പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്നത്. കേസില്‍ ഇതുവരെ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സിഐ അനന്തലാലില്‍ നിന്നും എസ്പി സുരേഷ് കുമാറിലേക്ക് അന്വേഷണ ചുമതല മാറ്റിയിരിക്കുകയാണ്.

Top