അമൃത ആശുപത്രിയിലെത്തിച്ച നവജാത ശിശുവിന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശു തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു. കുഞ്ഞിന്റെ തുടർചികിൽസ സംബന്ധിച്ച് ഡോക്ടർമാർ ഇന്ന് തീരുമാനമെടുക്കും. ഇരുപത്തിനാലുമണിക്കൂർ നിരീക്ഷണത്തിനുശേഷം മാത്രമേ ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂയെന്ന് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നു.

ഹൃദയവാൽവിന്‍റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി. അതിനാൽ കുട്ടിയുടെ ശരീരത്തെ എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്. വൃക്ക, കരൾ, തലച്ചോറ് എന്നിവയുടെ പ്രവർത്തനം സാധാരണനിലയിലാക്കുകയും അണുബാധയില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാകും ശസ്ത്രക്രിയ.

കാസർഗോഡ് സ്വദേശികളായ സാനിയ – മിത്താഹാ ദമ്പതികളുടെ പതിനാറുദിവസം പ്രായമായ കുഞ്ഞിനെ ഇന്നലെ അഞ്ചരമണിക്കൂർ കൊണ്ടാണ് ആംബുലൻസിൽ മംഗളൂരുവില്‍ നിന്ന് കൊച്ചിയിൽ എത്തിച്ചത്. കുഞ്ഞിന്റെ ചികിൽസാചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി ഇന്നലെ കുഞ്ഞിന്റെ ബന്ധുക്കളെ അറിയിച്ചിരുന്നു

Top