തിരുവനന്തപുരം : തലസ്ഥാനത്തുനിന്നു മലബാര്‍ മേഖലയിലേക്കുള്ള രാത്രി യാത്രയില്‍ മാറ്റം വരുത്തി. ഒരു ട്രെയിന്‍ തിരുവന്തപുരത്തുനിന്നു മധുരയിലേക്ക് അമൃത എക്‌സ്പ്രസായും രണ്ടാം ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്ന് നിലബൂരിലേക്കു രാജ്യറാണിയായും സര്‍വീസ് നടത്തും.
ട്രെയിന്‍ നമ്പര്‍ 16343 അമൃത എക്‌സ്പ്രസ് രാത്രി എട്ടരയ്ക്ക് തിരുവനന്തപുരത്തുനിന്നും 16349 രാജ്യറാണി എക്‌സ്പ്രസ് 8.50നു കൊച്ചുവേളിയില്‍ നിന്നുമാകും പുറപ്പെടുക. രാത്രി 8.40 നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടിരുന്ന മംഗലാപുരം എക്‌സ്പ്രസ് താല്‍ക്കാലിക ക്രമീകരണമെന്നോണം കൊച്ചുവേളിയില്‍ നിന്നു യാത്ര പുറപ്പെടുന്നതിനാല്‍ എട്ടരയ്ക്കു ശേഷം തിരുവനന്തപുരത്ത് നിന്ന് മലബാര്‍ മേഖലയിലേക്ക് മറ്റു ട്രെയിനുകളില്ല.
എട്ടരയ്ക്ക് പുറപ്പെടുന്ന അമൃത എക്‌സപ്രസ് പിറ്റേ ദിവസം ഉച്ചയ്ക്ക് 12.15ന് മധുരയിലെത്തും. മടക്കയാത്ര ഉച്ചയ്ക്ക് 3.15ന് മധുരയില്‍നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.50ന് തിരുവനന്തപുരത്ത് എത്തും. ഷൊര്‍ണൂര്‍ ജംഗ്ഷന്‍ ഒഴിവാക്കിയാകും യാത്ര. കൊച്ചുവേളിയില്‍ നിന്ന് നിലന്പൂരിലേക്കുള്ള രാജ്യറാണി എക്‌സ്പ്രസ് രാത്രി 8.50ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.50ന് നിലന്പൂരെത്തും. മടക്കയാത്ര രാത്രി 8.50ന് നു പുറപ്പെട്ട് രാവിലെ ആറിനു കൊച്ചുവേളിയില്‍ എത്തും.
തൃശൂരില്‍ പുലര്‍ച്ചെ 2.30-ന് എത്തുന്ന അമൃത എക്‌സപ്രസ് അടുത്ത സ്റ്റേഷനായ ഒറ്റപ്പാലത്ത് എത്തുന്നത് രണ്ടു മണിക്കൂര്‍ 23 മിനിറ്റ് കഴിഞ്ഞ് 4.53-നാണ്. തൃശൂരിനും ഒറ്റപ്പാലത്തിനുമിടയില്‍ രണ്ടു മണിക്കൂറോളം ട്രെയിന്‍ പിടിച്ചിടും. ഒറ്റപ്പാലത്തു നിന്ന് 25 മിനിറ്റുകൊണ്ട് എത്താവുന്ന പാലക്കാട് ജംഗ്ഷനില്‍ ട്രെയിന്‍ എത്തുന്നത് ഒരു മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട്. ഇങ്ങനെ തൃശൂരില്‍ നിന്ന് ആകെ മൂന്നു മണിക്കൂര്‍ 40 മിനിറ്റ് സമയമെടുത്താണ് ട്രെയിന്‍ പാലക്കാട്ട് എത്തുന്നത്. തൃശൂരില്‍ നിന്ന് പാലക്കാട്ടേക്ക് ബസില്‍ പോയാല്‍ ഇതിലും നേരത്തേ എത്തും.