കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ വ്യാജരേഖയുമായി ജോലി ചെയ്തതിന് അറസ്റ്റിലായ അഫ്ഗാന്‍ പൗരന്‍ ഈദ് ഗുല്ലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയില്‍ ഇയാളുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. എന്‍ഐഎ, ഐബി ഉദ്യോഗസ്ഥരും ചോദ്യം ചെയ്യല്‍ സംഘത്തിലുണ്ട്.
രാജ്യത്തേക്ക് കടന്നതിലെ യഥാര്‍ത്ഥ വസ്തുത, വ്യാജ പൗരത്വ രേഖ ചമയ്ക്കല്‍, കപ്പല്‍ശാലയിലെ ജോലി എന്നിവയില്‍ വിവരശേഖരണം നടത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഐഎന്‍എസ് വിക്രാന്തുമായി ബന്ധപ്പെട്ട് ഇടപെടല്‍ നടത്തിയോ എന്നതാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുക. കൂടുതല്‍ അഫ്ഗാന്‍ പൗരന്‍മാര്‍ എത്തിയെന്ന വിവരം സംബന്ധിച്ചും ഏജന്‍സികള്‍ വ്യക്തത വരുത്തും.
കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്ന ഈദ്ഗുല്ലിന്റെ 3 ബന്ധുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതിലൊരാളാണ് വ്യക്തിപരമായ പ്രശ്‌നം മൂലം ഈദ് ഗുല്ലിനെ ഒറ്റിയത്. തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് കടന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.