ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. നാളെ മുതല്‍ ആണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്. ഓഗസ്റ്റ് 11 വരെ സമ്മേളനം തുടരും. മണ്‍സൂണ്‍ സെഷനുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രതിപക്ഷത്തിന്റെ സഹകരണം സര്‍ക്കാര്‍ തേടും.
എന്നാല്‍ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. ഒരു വശത്ത്, സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ ഭരണകക്ഷി ശ്രമിക്കുമ്പോള്‍, മറുവശത്ത്, മണിപ്പൂരിലെ അക്രമം, റെയില്‍ സുരക്ഷ, വിലക്കയറ്റം, അദാനി കേസില്‍ ജെപിസി രൂപീകരിക്കാനുള്ള ആവശ്യം തുടങ്ങി മറ്റ് വിഷയങ്ങളില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷവും തയ്യാറെടുക്കുയാണ്.
രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ ചൊവ്വാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിരുന്നുവെങ്കിലും പല പാര്‍ട്ടികളുടെയും നേതാക്കള്‍ എത്താത്തതിനാല്‍ യോഗം മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളും, ഭരണകക്ഷിയായ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സും ദേശീയ തലസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു.
ഇതിനിടെ, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ നേതാവ് പിയൂഷ് ഗോയല്‍ എന്നിവരുള്‍പ്പെടെയുള്ള കാബിനറ്റ് സഹപ്രവര്‍ത്തകരുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. ഇന്ന് ചേരുന്ന സര്‍വകക്ഷിയോഗത്തിനുള്ള തന്ത്രമാണ് ഈ യോഗത്തില്‍ ആസൂത്രണം ചെയ്തതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് സര്‍വകക്ഷിയോഗം വിളിച്ച് വിവിധ കക്ഷികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന കീഴ്വഴക്കം നിലവിലുണ്ട്.