പുല്‍ത്തകിടികള്‍; നഗര ജീവിതത്തിന്റെ ശ്വാസകോശങ്ങളെന്ന് ഗവേഷകര്‍

ലണ്ടന്‍: പുല്‍ത്തകിടികള്‍ ലോകത്തിന്റെ ശ്വാസകോശങ്ങളെന്ന് വിദഗ്ധാഭിപ്രായം. നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതിനും തുറസ്സായ ഇരിപ്പിടങ്ങള്‍ സാധ്യമാക്കുന്നതിനും പുല്‍ത്തകിടികള്‍ വലിയ അളവു വരെ സഹായിക്കുമെന്നാണ് കണ്ടെത്തല്‍. സ്വീഡനില്‍ നഗര ഇടങ്ങളിലെ 52% പുല്‍ത്തകിടിയാണ്. അമേരിക്കയില്‍ ആകെ കരഭാഗത്തിന്റെ 1.9 ശതമാനവും പുല്‍ത്തകിടിയാണ്. മുറ്റത്ത് ഭംഗിയ്ക്ക് വച്ചുപിടിപ്പിക്കുന്ന പുല്ലുകള്‍ അധികം ശ്രദ്ധ വേണ്ടാത്ത ഭക്ഷ്യേതര സസ്യമാണ്. ലോകത്താകെയുള്ള സ്ഥലത്തിന്റെ 23ശതമാനവും പുല്‍ത്തകിടികളാണ്.

സ്വീഡന്റെയും അമേരിക്കയുടെയും ഔദ്യോഗിക കണക്കു പ്രകാരമാണിത്. 0.15മില്യണ്‍ മുതല്‍ 0.80 മില്യണ്‍ ചതുരശ്ര കിലോമീറ്റര്‍ വരെയാണ് ആകെയുള്ള പുല്‍ത്തകിടിയുടെ വിസ്തീര്‍ണ്ണം. ഇംഗ്ലണ്ട്, സ്‌പെയിന്‍ പോലുള്ള രാജ്യങ്ങളുടെ ആകെ വിസ്തീര്‍ണ്ണത്തേക്കാള്‍ വരും ഈ കണക്കുകള്‍.

കെട്ടിടങ്ങള്‍ പണിയുമ്പോള്‍ ഇത്തരം ലോണുകള്‍ (പുല്‍ത്തകിടികള്‍) ഉണ്ടാക്കുന്നത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും അത് കാലാവസ്ഥാ വ്യതിയാനത്തെ സ്വാധീനിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അധികം പഠനങ്ങള്‍ നടന്നിട്ടില്ലാത്ത മേഖലയാണ് പുല്‍ത്തകിടികളും അവയുടെ സാധ്യതകളും. പുല്ലുകള്‍ വച്ചു പിടിപ്പിക്കുന്നത് മണ്ണൊലിപ്പ് തടയുന്നതില്‍ വലിയ സഹായകമാണ്. കൂടുതല്‍ ഓക്‌സിജന്‍ ഇവ പുറത്തേയ്ക്ക് വിടുന്നത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറയ്ക്കും. അന്തരീക്ഷ മലിനീകരണം തടയുന്നതിനും ഇത് വലിയ സഹായകമാണ്. വെള്ളം ഒഴുകിപ്പോകുന്നത് തടഞ്ഞ് ഭൂഗര്‍ഭ ജല വിതാനത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ലോണുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നഗരജീവിതത്തിന്റെ ആരോഗ്യ നിലവാരം ഉയര്‍ത്തുന്നതിന് പുല്‍ത്തകിടികള്‍ വലിയ അളവു വരെ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

നഗര പ്രദേശങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന അന്തരീക്ഷ താപനില കുറയ്ക്കുന്നതിന് ലോണുകള്‍ വലിയ അളവില്‍ സഹായിക്കുന്നു. പുല്‍ത്തകിടികള്‍ നനയ്ക്കുന്നതിന് വലിയ അളവില്‍ വെള്ളം ആവശ്യമാണെന്നാണ് കണക്കുകള്‍. അമേരിക്കയിലെ ഒരു കുടുംബത്തിന്റെ ആകെ വെള്ളം ഉപയോഗത്തിന്റെ 75 ശതമാനവും ലോണുകള്‍ പരിപാലിക്കുന്നതിന് വേണ്ടിയാണെന്നാണ് വിവരം. കീട നാശിനി ഉപയോഗവും ഇത്തരത്തില്‍ എടുത്തു പറയേണ്ടവയാണ്. 2012ലെ യുഎസ് കണക്കനുസരിച്ച് അടുക്കളത്തോട്ടങ്ങള്‍ 27 മില്യണ്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നു. ഇവ പരിഹരിക്കുന്ന തരത്തിലുള്ള മികച്ച പുല്ലുകള്‍ കണ്ടെത്തുന്നത് ഈ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

Top