കൊച്ചി : സിസ്റ്റർ അഭയ കൊലക്കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദർ തോമസ് എം കോട്ടൂർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ തനിക്കെതിരെ കൊലക്കുറ്റം ചുമത്തിയ വിചാരണക്കോടതി നടപടി നിയമപരമല്ലെന്നാണ് ഹർജിയിൽ തോമസ് എം കോട്ടൂരിന്റെ വാദം.
കൂടാതെ അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്നും അപ്പീലിൽ പറയുന്നുണ്ട്. വിചാരണയും ശിക്ഷയും നിയമപരമായി നിലനിൽക്കാത്തതിനാൽ സി.ബി.ഐ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. അപ്പീൽ ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, എം.ആർ അനിത എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് പരിഗണിക്കും.
കഴിഞ്ഞ ഡിസംബർ 23 നാണ് സിസ്റ്റർ അഭയ കൊലക്കേസിൽ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പ്രതികൾക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിക്കുന്നത്. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 302, 201 വകുപ്പുകൾ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കൽ, കൊലപാതകം അടക്കമുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ. സിസ്റ്റർ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ.