കൊച്ചി: തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കില്‍ നേതൃമാറ്റത്തിലൂടെ പിളര്‍പ്പൊഴിവാക്കാന്‍ ശ്രമം. ഇപ്പോഴത്തെ നേതൃത്വം മാറിയാലേ ഇനി ചര്‍ച്ചയ്ക്കുള്ളൂ എന്ന് നിര്‍മാതാക്കളും വിതരണക്കാരും പ്രഖ്യാപിച്ചതോടെ മാറ്റം അനിവാര്യമായിരിക്കുകയാണ്. ഇപ്പോഴത്തെ പ്രസിഡന്റ് കെ. വിജയകുമാറിന്റെ കാലാവധി മാര്‍ച്ച് 31 വരെയുണ്ട്. അതിനുമുമ്പ് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടിവന്നേക്കാമെന്ന് സംഘടനയിലുള്ളവര്‍തന്നെ പറയുന്നുണ്ടെങ്കിലും ഒരുമാസംകഴിഞ്ഞ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം.
നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമെതിരേയുള്ള പ്രതിഷേധമായി തുടങ്ങിവെച്ച റിലീസ് നിര്‍ത്തിവെക്കല്‍ ഫലത്തില്‍ ഫിയോക് നേതൃത്വത്തിന് തിരിച്ചടിയായി മാറുകയായിരുന്നു. വിജയകുമാറിന്റെ ഏകപക്ഷീയമായ തീരുമാനമാണിതെന്നാരോപിച്ച് ഒരുവിഭാഗം പുതിയ സംഘടനയ്ക്കുള്ള നീക്കങ്ങളിലേക്ക് കടന്നു. ഫിയോകിന്റെ നേതൃത്വത്തിനെതിരായി യുദ്ധംതുടങ്ങിയ നിര്‍മാതാക്കള്‍ അവരുടെ ആവശ്യങ്ങള്‍ തള്ളുകയും ചെയ്തു. പിളര്‍പ്പ് ഒഴിവാക്കാനുള്ള ശ്രമമെന്നനിലയില്‍ പ്രസിഡന്റിനെ മാറ്റാനുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്.