കുമരകം: നവകേരള സദസ്സില്‍ പങ്കെടുത്തിട്ടും ഇല്ലെന്നാരോപിച്ച് സി.ഐ.ടി.യു. അംഗമായ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം. കുമരകം ചന്തക്കവല ഓട്ടോറിക്ഷ സ്റ്റാന്‍ഡിലാണ് സംഭവം. കുമരകം കൈതത്തറ കെ.പി. പ്രമോദിനാണ് മര്‍ദനമേറ്റത്. ഏഴുവര്‍ഷമായി സി.ഐ.ടി.യു. ഓട്ടോറിക്ഷ തൊഴിലാളിയൂണിയന്‍ അംഗമാണ് പ്രമോദ്.
ഇതേ സ്റ്റാന്‍ഡിലെ സി.ഐ.ടി.യു. പ്രവര്‍ത്തകരായ കുട്ടച്ചന്‍, ഷിജോ, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്ന് പ്രമോദ് കുമരകം പോലീസില്‍ പരാതി നല്‍കി. ബുധനാഴ്ച വൈകീട്ട് 3.30-ഓടെയാണ് സംഭവം. ഏറ്റുമാനൂരിലെ നവകേരളസദസ്സില്‍ പങ്കെടുത്തശേഷം സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കാന്‍ എത്തിയ പ്രമോദിനോട് നവകേരള സദസ്സില്‍ പങ്കെടുക്കാത്തത് എന്താണെന്ന് ഷിജോ ചോദിച്ചു. താന്‍ സമ്മേളനത്തിന് പോയെന്നും കാണേണ്ടവരെ ബോധിപ്പിച്ചെന്നും പ്രമോദ് മറുപടി നല്‍കി.
വിശ്വസിക്കാതെ മൂവരും ചേര്‍ന്ന് തന്നെ ഓട്ടോറിക്ഷയിലും പിന്നീട് റോഡിലും സമീപത്തെ കടത്തിണ്ണയിലുമിട്ട് മര്‍ദിച്ചെന്ന് പ്രമോദ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി തിരികെ എത്തിയപ്പോള്‍ ഓട്ടോറിക്ഷ നശിപ്പിച്ചനിലയിലായിരുന്നു. ഓട്ടോ സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള മൊബൈല്‍ ഷോപ്പിലെ ജീവനക്കാരന്‍, തന്നെ തല്ലുന്ന വീഡിയോ എടുക്കാന്‍ ശ്രമിച്ചതിന് അയാളെയും ഇവര്‍ മര്‍ദിക്കാന്‍ ഓടിച്ചെന്നും പ്രമോദ് പറയുന്നു. പ്രമോദിന്റെ പരാതിയില്‍ പ്രതികളെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടതായി കുമരകം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.എസ്. അന്‍സില്‍ വ്യക്തമാക്കി.