പത്തനംതിട്ട: മൈലപ്രയില്‍ വയോധികന്‍ കടമുറിയ്ക്കുള്ളില്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മൂന്ന് പേരും കേസില്‍ പ്രതികളാണെന്നാണ് സംശയം. ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഒരു വാഹനവും പിടിച്ചെടുത്തായാണ് സൂചന. മൈലപ്രയിലെ വ്യാപാരി ജോര്‍ജ്ജാണ് കൊല്ലപ്പെട്ടത്. ജോര്‍ജ് മരിച്ചത് ശ്വാസം മുട്ടിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റ് പരിക്കുകളില്ല. കവര്‍ച്ചയ്ക്കിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.
മോഷണ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതായും ജില്ലാ പൊലീസ് മേധാവി അജിത് പറഞ്ഞു. പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്ന് ജോര്‍ജ്ജിന്റെ കുടുംബാംഗങ്ങളും അവശ്യപ്പെട്ടു. ജോര്‍ജ്ജിന്റെ ശരീരത്തിലുണ്ടായിരുന്ന ആറ് പവന്റെ മാലയും മേശവലിപ്പിലുണ്ടായിരുന്ന പണവും കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു. കടയിലെ സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക്കും നഷ്ടപ്പെട്ടിട്ടുണ്ട്.
പൊലീസ് അന്വേഷണം തുടരുകയാണ്. ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. പത്തനംതിട്ട മൈലപ്ര പോസ്റ്റ് ഓഫീസ് ജങ്ങ്ഷനിലെ മലഞ്ചരക്ക് കടയിലാണ് വ്യാപാരി ജോര്‍ജ്ജിനെ കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൈലപ്രയില്‍ ആളൊഴിഞ്ഞ വീടിന് സമീപം വരെ പൊലീസ് നായ എത്തിയിരുന്നു.