കോഴിക്കോട്: കോഴിക്കോട് നഗരസഭാ അക്കൗണ്ട് തട്ടിപ്പ് കേസിൽ പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ റിജിലിനെ ക്രൈം ബ്രാഞ്ച് പിടികൂടി. കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് റിജിലിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റിജിലിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിക്കും.
അതേസമയം തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക കോഴിക്കോട് നഗരസഭയ്ക്ക് പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകി. 10.7 കോടി രൂപയാണ് ബാങ്ക് നഗരസഭയ്ക്ക് തിരികെ നൽകിയത്. ഇന്ന് ചേർന്ന ബാങ്ക് ഡയറക്ടർ ബോർഡിന്റെ തീരുമാന പ്രകാരമാണ് പണം തിരിച്ചു നൽകിയത്. കോർപ്പറേഷന്റെ 8 അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപയായിരുന്നു റിജിൽ തട്ടിയെടുത്തത്. ഇതിൽ രണ്ടു കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് നഗരസഭയ്ക്ക് തിരികെ നൽകിയിരുന്നു.