ഘാനയില്‍ പ്രകൃതിവാതക സ്റ്റേഷനില്‍ സ്ഫോടനം, ഒരാള്‍ കൊല്ലപ്പെട്ടു

അക്ര: ആഫ്രിക്കന്‍ രാജ്യമായ ഘാനയുടെ തലസ്ഥാനമായ അക്രയില്‍ പ്രകൃതിവാതക സ്റ്റേഷനില്‍ സ്ഫോടനം.

സ്ഫോടനത്തെ തുടര്‍ന്നു ഒരു ഗ്യാസ് ടാങ്കറിനു തീപിടിച്ചു. ശനിയാഴ്ച പ്രദേശിക സമയം രാത്രി 7.30നായിരുന്നു സംഭവം. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോയില്‍ ഗ്യാസ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. ആറ് വാഹനങ്ങള്‍ക്ക് തീപിടിച്ചതായും പ്രദേശത്ത് 200 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചതായും അധികൃതര്‍ പറഞ്ഞു. നഗരത്തിലെ പ്രധാന റോഡിനു സമീപമാണ് ഗ്യാസ് സ്റ്റേഷന്‍.

നിരവധി ആളുകള്‍ താമസിക്കുന്ന സ്ഥലം കൂടിയാണിത്. ജനങ്ങളോട് പ്രദേശത്തുനിന്നു ഒഴിഞ്ഞു പോകണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. 2015 ജൂണില്‍ നഗരത്തിലെ പെട്രോള്‍ സ്റ്റേഷനില്‍ ഉണ്ടായ തീപിടിത്തത്തില്‍ 150 പേര്‍ മരിച്ചിരുന്നു.

Top