ഏറെ ആശങ്കയോടെ നിൽക്കുന്ന വധുവിന് മേക്കപ്പ് ചെയ്തു കൊടുക്കുന്ന സുഹൃത്ത്. തന്റെ വിവാഹ ഗൗണിൽ സുഹൃത്തിന്റെ അടുത്തേക്ക് പൊട്ടി കരഞ്ഞു കൊണ്ട് നിൽക്കുന്ന വധു. പിന്നിൽ വേദനയോടെ കൈ കെട്ടി നിൽക്കുന്ന സുഹൃത്തുക്കൾ. ആരുടേയും കണ്ണുകളിൽ സന്തോഷം ഇല്ല. ആദ്യ കാഴ്ചയിൽ ഒരു സാധാരണ വിവാഹത്തിന്റെ പശ്ചാത്തലവും സംഭവങ്ങളും ഒക്കെ ആയി തോന്നുമെങ്കിലും പിന്നീട് സൂക്ഷിച്ചു നോക്കുമ്പിൾ മറ്റു ചിലതൊക്കെ ശ്രദ്ധയിലേക്ക് നടന്നടുക്കും.
പച്ച പിടിച്ച നീണ്ട മൈതാനത്തിൽ മുട്ടു കുത്തിയിരിക്കുന്ന വധു, അവൾക്കരികിൽ അവളെ ആലിംഗനം ചെയ്തു ചിലർ. മൈതാനത്തിന്റെ ചുറ്റുമായി കണ്ണോടിച്ചാൽ ഏറെ ദുരൂഹമായ ഒന്ന് കണ്ണിൽ പെടും. വധുവും കൂട്ടരും നിൽക്കുന്നതിന്റെ തൊട്ട് മുന്നിലായി കുറച്ചു ശിലകൾ. കല്ലറകളാണ്. വധുവിന്റെ കൈയിൽ ഒരു ബൂട്ട് അതിൽ കുറച്ചു പുഷ്പങ്ങളും. ഇത്രെയൊക്കെ ചിത്രങ്ങൾ കാണുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന ചിന്ത മനസിലേക്ക് ഓടിയെത്തും. അതിലെല്ലാം ഉപരി മറ്റൊരു സംശയം കൂടി ഉണ്ടാവും. പെൺകുട്ടി വിവാഹ വസ്ത്രത്തിലാണ്. പക്ഷേ വരൻ എവിടെ? ഇത് ഒരു അപൂർവ പ്രണയത്തിന്റെ നേർക്കാഴ്ചയാണ്.
വിവാഹത്തിന് ഒമ്പത് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, മരണമടഞ്ഞ കെന്ദൽ മർഫിയുടെയും നിശ്ചയിച്ച തീയതിയിൽ തന്റെ ജീവിത പങ്കാളി ആകേണ്ട കേന്ദലിന്റെയും കൈ പിടിച്ചു ജീവിതത്തിലേക്ക് നടന്ന ജസ്സിക്കയുടെയും കഥ. കാലങ്ങൾക്കും ദേശത്തിനും, ഒരുപക്ഷേ മരണത്തിനും അപ്പുറത്തേക്ക് സ്നേഹിക്കുക എന്ന് പറയുന്നത് ഇതാണ്. നിശ്ചയിച്ച വിവാഹ ദിനത്തിൽ തന്നെ, മരണമടഞ്ഞ തന്റെ പ്രാണന്റെ കല്ലറയിൽ എത്തി അയാൾക്കൊപ്പം, അയാളുടെ ഓര്‍കള്‍ക്കൊപ്പം ജീവിതം പങ്കിടാൻ തീരുമാനിച്ച ഒരു പെൺകുട്ടിയുടെ കഥ.
ഇരുവരും ഒരേ നാട്ടുകാരായിരുന്നെങ്കിലും ആദ്യമായി കാണുന്നത് കോളേജിൽ വെച്ചാണ്. അതും ഒരിക്കൽ മാത്രം. ഇരുവരും അമേരിക്കൻ ഫുട്ബോളിന്റെ ആരാധകരാണ്. ഫുട്ബാൾ പ്രണയവും, ഇടയ്ക്കിടെ ഉള്ള കൂടിക്കാഴ്ചകളും ഇരുവരെയും തമ്മിൽ പ്രണയത്തിലാക്കി. അങ്ങനെ ഒരിക്കൽ ഫുട്ബാൾ ഗ്രൗണ്ടിൽ വെച്ചു തന്നെ കെന്ദൽ ജെസ്സിക്കയോട് പ്രണയം തുറന്നു പറഞ്ഞു. ഇരുവരുടെയും പ്രണയം ആരെയും അതിശയിപ്പിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു. കഴിഞ്ഞ നവംബറിൽ എന്നാൽ അപ്രതീക്ഷിതമായി ഒരു സംഭവം ഉണ്ടായി. വിധി പ്രതിനായകനായി എന്ന് പറയും പോലെ, ഒരു അപകടത്തിൽ കെന്ദൽ കൊല്ലപ്പെട്ടു. ഇത് നടക്കുമ്പോൾ ജസ്സിക്കയ്ക്ക് 25 വയസ്സ്. നാളുകളായി തങ്ങൾ ഒരുമിച്ചു കണ്ട സ്വപ്നത്തിൽ, ഇനി താൻ മാത്രം ബാക്കിയായി എന്നുള്ള വസ്തുത അവളെ വല്ലാതെ തളർത്തി. “കെന്ദൽ ഒരു നല്ല ചെറുപ്പക്കാരനായിരുന്നു. സ്നേഹവും സഹാനുഭൂതിയും ഒക്കെ ഉള്ള ഒരു നല്ല ചെറുപ്പക്കാരൻ. ആര് എന്ത് ചോദിച്ചാലും ഒരു മടി കൂടാതെ എടുത്തു കൊടുക്കുന്ന ഒരാളായിരുന്നു അദ്ദേഹം,” ജസ്സിക്ക നിറകണ്ണുകളോടെ പറഞ്ഞു.
എന്നാൽ വരൻ വിവാഹത്തിന് മുമ്പ് മരിച്ചു എന്ന് കരുതി, ജസ്സിക്ക തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തം മാറ്റി വെച്ചില്ല. നിശ്ചയിച്ച തീയതിയിൽ തന്നെ വിവാഹം കഴിക്കാം എന്ന് ഉറപ്പിച്ചു. അങ്ങനെ സെപ്തംബർ 29-ന് അവൾ തന്റെ വിവാഹ വസ്ത്രങ്ങൾ അണിഞ്ഞു കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം സമയം ചിലവഴിച്ചു. വിവാഹ ദിവസത്തിൽ തങ്ങളുടെ അവിസ്മരണീയ നിമിഷങ്ങൾ പകർത്താൻ ഏൽപ്പിച്ച ഫോട്ടോഗ്രേഫറെ തന്നെ വിളിച്ചു. “എനിക്ക് എന്റെ വിവാഹ ദിനം ആഘോഷിക്കണമായിരുന്നു. അദ്ദേഹത്തിന്റെ ശരീരം എന്നോടൊപ്പം ഇല്ലെന്നേ ഉള്ളു. ഞങ്ങൾ ഒന്നിച്ചു ആഗ്രഹിച്ച ഈ ദിവസത്തിന്റെ നല്ല ഓർമ്മകൾ എനിക്ക് വേണമായിരുന്നു,” ജസ്സിക്ക പറഞ്ഞു.
കെന്ദലിന്റെ മരണത്തിന് ദിവസങ്ങൾ ശേഷം വിവാഹ ഗൗണിന്റെ ആളുകൾ വിളിച്ചു. നേരത്തെ പണമടച്ചു ബുക്ക് ചെയ്തതാണ്. പക്ഷേ ആ വിവാഹ വസ്‌ത്രം ഇനി എനിക്ക് ആവശ്യം വരില്ല എന്ന് പറയാൻ കഴിഞ്ഞില്ല. പിന്നീട് കെന്ദലിന്റെ അമ്മ ഫോട്ടോഗ്രാഫറെ ക്യാൻസൽ ചെയ്യുന്നതിന്റെ കാര്യം പറഞ്ഞപ്പോൾ, ജസ്സിക്ക പറഞ്ഞു അയാളെ ക്യാൻസൽ ചെയ്യണ്ട.
ജസ്സിക്കയുടെ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും വേദനയുടെയും ഒക്കെ അപൂർവ കഥയാണ് ഈ ചിത്രങ്ങൾ പറയുന്നത്.