An increase in the number of mosquito bites ; sika virus againest pre- cautious

ആലപ്പുഴ: കൊതുകുജന്യരോഗമായ സികക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. രോഗകാരിയായ ഈഡിസ് കൊതുകുകളുടെ സാന്ദ്രതയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് ആരോഗ്യവകുപ്പിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഇക്കാരണത്താല്‍ അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും പടര്‍ന്നുപിടിക്കുന്ന സികാ പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പൊതുവേ ആലപ്പുഴ ജില്ലയില്‍ കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സികക്കെതിരെയും കരുതല്‍ വേണം.

മഴക്കാലം തുടങ്ങുന്നതിന് മുമ്പുതന്നെ ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുകയാണ്. ഒരുദിവസം മൂന്നുമുതല്‍ ഒമ്പതു വരെ ആളുകള്‍ ഡെങ്കിപ്പനി സംശയിച്ച് ചികിത്സ തേടുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കൊതുകുകളുടെ സാന്ദ്രതയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഡെങ്കിപ്പനിയുടെ അതേ ലക്ഷണങ്ങള്‍ തന്നെയാണ് സികാ പനിക്കും കണ്ടുവരുന്നത്. ഇതിന് പ്രത്യേകിച്ച് മരുന്നുകളില്ലാത്തത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിക്കുന്നു.
വിട്ടുമാറാത്ത പനി, തലവേദന, കണ്ണുകള്‍ക്ക് വേദനയും ചുവപ്പുനിറവും അനുഭവപ്പെടുക, സന്ധിവേദന, ഓക്കാനം, ദേഹമാസകലം ചുവപ്പ് പാടുകള്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഇവ ഒരാഴ്ചവരെ നീളും. സ്വയംചികിത്സ ഒഴിവാക്കി എത്രയും വേഗം വൈദ്യസഹായം തേടണം. ഗര്‍ഭിണികളില്‍ സികയുടെ സാന്നിധ്യം കണ്ടത്തെിയാല്‍ അത് കുഞ്ഞിനെയും ബാധിക്കും.

ജനിക്കുന്ന കുഞ്ഞുങ്ങള്‍ വൈകല്യമുള്ളവരായിത്തീരും. ഇക്കാരണങ്ങളാല്‍ സികക്കെതിരെ ലോകാരോഗ്യ സംഘടന കടുത്ത ജാഗ്രതയാണ് പാലിക്കുന്നത്. ഈഡിസ് കൊതുകുകളുടെ സാന്നിധ്യം ആലപ്പുഴയെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് ആരോഗ്യ രംഗത്ത് സൃഷ്ടിക്കുന്നത്. കൊതുകുകളെ നശിപ്പിക്കാന്‍ ഉറവിടമാലിന്യ സംസ്‌കരണം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

Top