‘ബ്രഹ്മപുരത്ത് സ്വതന്ത്രമായ അന്വേഷണം വേണം, നടന്നത് കോടികളുടെ അഴിമതി’ വി മുരളീധരൻ

തിരുവനന്തപുരം: ബ്രഹ്മപുരത്ത് നടന്നത് കോടികളുടെ അഴിമതിയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. പിണറായി വിജയൻ സർക്കാരും സോൺട്ര ഇൻഫോടെക് കമ്പനിയും ചേർന്ന് നടത്തിയ അഴിമതിയിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർണാടക മുഖ്യമന്ത്രി 2019 ൽ സോൺട്ര ഇൻഫാടെക്കിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതാണ്. 2020 ൽ അതേ കമ്പനിക്ക് കേരളത്തിൽ പ്രത്യേക ഇടപെടലിൽ ബ്രഹ്മപുരം കരാർ ലഭിച്ചു. കരാർ കാലാവധിക്കുള്ളിൽ പാതിപോലും പണി പൂർത്തിയാക്കാതിരുന്ന കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നിർദേശം എവിടെ നിന്നായിരുന്നുവെന്നും വി. മുരളീധരൻ ചോദിച്ചു.

2023 ഫെബ്രുവരിയിൽ ജപ്പാനുമായി ചേർന്നുള്ള കോഴിക്കോട് പദ്ധതി വിവാദ കമ്പനിയെ ഏൽപ്പിക്കാൻ പിണറായി വിജയൻ തന്നെ മുൻകയ്യെടുത്തിരുന്നു. മാപ്പർഹിക്കാത്ത തെറ്റാണ് പിണറായി സർക്കാരും സിപിഎം ഭരിക്കുന്ന കൊച്ചി നഗരസഭയും കേരളത്തോട് ചെയ്തത് എന്നും വി. മുരളീധരൻ പറഞ്ഞു. തലമുറകളുടെ ജീവൻ അപകടത്തിലാക്കിയതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിണറായി വിജയൻ തയാറാകണം. സോൺട്ര ഇൻഫാടെക് വൈക്കം വിശ്വന്റെ മരുമകന്റെതാണെന്നത് അറിയില്ല എന്നാകും രാഷ്ട്രീയ ധാർമികത തൊട്ടുതീണ്ടിയിട്ടില്ലാത്ത മുഖ്യമന്ത്രിയുടെ മറുപടി എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കമ്യൂണിസ്റ്റ് ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും വമിപ്പിക്കുന്ന വിഷപ്പുക ശ്വസിച്ച് ജീവിക്കേണ്ട അവസ്ഥ ആണ് ജനങൾക്ക് എന്നും മന്ത്രി പറഞ്ഞു.

Top