ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. മണിപ്പൂരില്‍ നടന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍സിങ്ങുമായി താന്‍ സംസാരിച്ചുവെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അന്വേഷണം തുടങ്ങിയതായി മുഖ്യമന്ത്രി പറഞ്ഞതായും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. മേയ് നാലാം തീയ്യതി നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക രോഷം ഉയരുകയാണ്. മണിപ്പൂരിലെ സംഘര്‍ഷ സാഹചര്യം കൂടുതല്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രണ്ട് സ്ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്‌നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്‌തെയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് ഇത് ചെയ്തതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ആരോപിച്ചു. ഇവരെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഐടിഎല്‍എഫ് നേതാക്കാള്‍ പറഞ്ഞു.