വാഹനാപകടത്തില്‍ കെവിന്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് പരിക്ക്

kevin

കോട്ടയം: കോട്ടയത്ത് പ്രണയവിവാഹത്തെ തുടര്‍ന്നു വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ്.പി.സാരഥിക്ക് വാഹനാപകടത്തില്‍ പരുക്ക്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ ഡിവൈഎസ്പി സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചായിരുന്നു അപകടം.

കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ അമ്മ രഹ്ന അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകാനിരിക്കെയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഗിരീഷ്.പി.സാരഥിക്ക് പരുക്കേറ്റത്.കേസില്‍ രഹ്നയുടെ പങ്ക് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് വിളിച്ചുവരുത്തുന്നത്.

അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ നീനുവിന്റെ അമ്മ രഹ്ന സംശയത്തിന്റെ നിഴലിലാണ്. ഈ ഗൂഢാലോചനയില്‍ രഹ്നയ്ക്കും പങ്കുണ്ടെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രഹ്നയോട് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുള്ളത്.

മാത്രമല്ല, കെവിനെ തട്ടികൊണ്ടു പോകാനെത്തിയ സംഘത്തിന് വീട് കാണിച്ചുകൊടുക്കുന്നതുള്‍പ്പെടെ ഗൂഢാലോചനയില്‍ രഹ്നയ്ക്ക് പങ്കുള്ളതായി മുഖ്യ സാക്ഷി അനീഷും മൊഴി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ രഹ്ന ഇപ്പോള്‍ പ്രതിയല്ല എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച വേളയില്‍ പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്.

അതേസമയം നീനുവിനെ മാനസികരോഗത്തിന് ചികിത്സിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഡോക്ടറുടെ മൊഴിയെടുക്കുക. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സ രേഖകളുമായി കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മകള്‍ നീനു മാനസികരോഗത്തിനു ചികിത്സ തേടിയിട്ടുണ്ടെന്ന് അച്ഛന്‍ ചാക്കോ ബോധിപ്പിച്ച് പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടറുടെ മൊഴിയെടുക്കുന്നത്. കെവിന്‍ വധകേസിലെ അഞ്ചാം പ്രതിയാണ് ചാക്കോ ജോണ്‍.

Top