സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തുനല്‍കി.
സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ കമ്മീഷന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കത്ത്. സിനിമ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി വനിതാ കമ്മീഷനെ നേരില്‍കണ്ട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ സിനിമാ മേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി സമഗ്ര നിയമനിര്‍മ്മാണം വേണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ആഭ്യന്തര പരാതി പരിഹാരത്തിനായി പ്രൊഡക്ഷന്‍ ഹൗസുകള്‍ കമ്മിറ്റികള്‍ രൂപീകരിക്കാത്തതിനെതിരെ ഡബ്ല്യുസിസി അംഗങ്ങള്‍ നാളുകളായി വിമര്‍ശനം ഉന്നയിച്ച് വരികയായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതലായി നടന്നത്.
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ചുകൊണ്ട് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതിലും ഡബ്ല്യുസിസി അംഗങ്ങള്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കുന്നതിന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ല എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇത്തരം സെല്ലുകള്‍ രൂപീകരിക്കാന്‍ സുപ്രിംകോടതി നാളുകള്‍ക്ക് മുന്‍പ് തന്നെ നിര്‍ദേശിച്ചതാണെന്നും ഇവര്‍ വിശദീകരിച്ചിരുന്നു.
ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി അന്വേഷണ കമ്മീഷന്‍ നിയപ്രകാരമുണ്ടായിട്ടുള്ള കമ്മിറ്റിയല്ലാത്തതിനാല്‍ സര്‍ക്കാരിന് പഠന റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് ഡബ്ല്യുസിസി അംഗങ്ങളുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം വനിതാ കമ്മീഷന്‍ വിശദീകരിച്ചിരുന്നത്. സിനിമാ മേഖലയിലേക്ക് പുതിയ പെണ്‍കുട്ടികള്‍ കടന്നുവരുമ്പോള്‍ അവര്‍ക്ക് നല്ല ആത്മവിശ്വാസത്തോടെ സര്‍ഗവാസനകള്‍ പ്രകടിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഉറപ്പുവരുത്താന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നായിരുന്നു വനിതാ കമ്മീഷന്റെ പ്രസ്താവന.