ന്യൂഡല്‍ഹി: തലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ എവിടെയും എത്താതെ അന്വേഷണം. സ്ഫോടനത്തില്‍ ഇതുവരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രതികളിലേക്ക് എത്താത്തതാണ് എഫ്ഐആര്‍ വൈകുന്നതിന് കാരണമെന്നാണ് വിവരം.
പൊട്ടിത്തെറി സംശയിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ജാഗ്രത വേണമെന്ന് ഇസ്രയേല്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. ഇസ്രയേല്‍ പൗരന്മാര്‍ മാളുകളിലും മാര്‍ക്കറ്റുകളിലും ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലേക്കും പോകുന്നത് ഒഴിവാക്കണം. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്.
സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും ശേഖരിച്ച വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം പ്രതീക്ഷിച്ചിരിക്കുകയാണ് അന്വേഷണ സംഘം. പ്രദേശത്ത് നിന്നും ഒരു കത്തും അത് പൊതിഞ്ഞതെന്ന് സംശയിക്കുന്ന പതാകയും കണ്ടെടുത്തിരുന്നു. ഇതോടെയാണ് ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയം അന്വേഷണ സംഘത്തിന് ബലപ്പെട്ടത്.10 പേരെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്. സിസിവിടി ദൃശ്യങ്ങള്‍, സംഭവസമയത്ത് പ്രദേശത്ത് ആക്ടീവ് ആയിരുന്ന മൊബൈല്‍ സിം കാര്‍ഡുകള്‍ എന്നിവ പരിശോധിച്ചാണ് 10 പേരെ ചോദ്യം ചെയ്തത്. ആരുടെയും അറസ്റ്റോ കസ്റ്റഡിയോ രേഖപ്പെടുത്തിയിട്ടില്ല.