സിഒടി നസീർ വധശ്രമക്കേസ്: ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്

തലശ്ശേരി: സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. പ്രതികളുടെയെല്ലാം ഫോണ്‍ രേഖയും പരിശോധിച്ചിട്ടും ഷംസീറിന്റേത് മാത്രം ഇതുവരെ പരിശോധിക്കാനായില്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ആരോപണ വിധേയരായ എ എന്‍ ഷംസീര്‍, സിപിഎം പ്രവര്‍ത്തകരായ ചെമ്പൂട്ടി സമീര്‍ കൊച്ചു ബാബു എന്നിവരുടെ ഫോണ്‍ വിശദാംശങ്ങള്‍ക്കായി ഡിജിപി മുഖേന ബിഎസ്എന്‍എല്ലിന് നല്‍കിയ അപേക്ഷയില്‍ ഷംസീറിന്റേത് മാത്രം കിട്ടിയില്ല.

മറ്റുള്ളവരുടേത് പരിശോധിച്ചപ്പോള്‍ കുറ്റകൃത്യത്തിന് മുന്‍പോ ശേഷമോ ഷംസീറുമായി ബന്ധപ്പെട്ടതിന് തെളിവുമില്ല. ഷംസീറും നസീറും തമ്മില്‍ തര്‍ക്കം നടന്ന സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട യോഗത്തിന്റെ മിനുറ്റ്‌സ് നാലുമാസം കഴിഞ്ഞിട്ടും പരിശോധിക്കാന്‍ കിട്ടിയില്ല. നസീര്‍ പരാതിപ്പെട്ടപോലെ എംഎല്‍എ ഓഫീസില്‍ വച്ച് നസീറിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ഷംസീറിന്റെ ഓഫീസ് സെക്രട്ടറിയുടെ മൊഴിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എഎന്‍ ഷംസീറിനെതിരെ തെളിവുകളെല്ലാം കിട്ടും വരെ മൊഴിയെടുക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതില്‍ അസ്വാഭാവികത ഇല്ലെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തന്നെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന നസീറിന്റെ ഹര്‍ജി പരിഗണിച്ചപ്പോഴാണ് പൊലീസ് അന്വേഷണ പുരോഗതി തലശ്ശേരി കോടതിയെ അറിയിച്ചത്.

Top