തലശ്ശേരി: ആകാശ് തില്ലങ്കേരിയെ ജയിലില്‍ അടയ്ക്കണമെന്ന് ഡിവൈഎഫ്‌ഐ നേതാവും തലശ്ശേരി എംഎല്‍എയുമായ എഎന്‍ ഷംസീര്‍. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷംസീര്‍. അര്‍ജുന്‍ ആയങ്കിയെയും, ആകാശ് തില്ലങ്കേരിയെയും പറ്റാവുന്ന അത്രയും കാലം ഉള്ളിലിടണം. ഇവരെ ജീവിതത്തില്‍ ഇതുവരെ താന്‍ കണ്ടിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു.
ടിപി കേസ് പ്രതി ഷാഫിയുടെ വിവാഹത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട്, മുഹമ്മദ് ഷാഫി ഇനിയും കുറ്റം ചെയ്യുമെന്ന് അറിയാതെയാണ് കല്യാണത്തിന് പോയതെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു. ജയിലില്‍ നിന്നും പരോള്‍ കിട്ടിയ ഇവര്‍ ക്വട്ടേഷന്‍ തുടരുമെന്ന് കരുതിയില്ല. ക്വട്ടേഷന്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്ക് ബന്ധമുണ്ടെങ്കില്‍ പുറത്ത് വരട്ടെയെന്നും ഷംസീര്‍ പറഞ്ഞു.
അതേ സമയം കടത്ത് സ്വര്‍ണ്ണം പിടിച്ചുപറിക്കുന്നതില്‍ ടിപി കേസ് പ്രതികളുമുണ്ടെന്ന് ശബ്ദരേഖ പുറത്തുവന്നു. സ്വര്‍ണ്ണക്കടത്ത് ക്യാരിയറോട് ആസൂത്രകന്‍ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്‌സപ് ഓഡിയോ പുറത്ത് വന്നു. പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.
ടി പി കേസില്‍ പരോളില്‍ ഇറങ്ങിയ ഷാഫി ക്യാരിയര്‍ക്ക് സംരക്ഷണം ഒരുക്കും. പിടിച്ചു പറിച്ച സ്വര്‍ണ്ണത്തിന്റെ ഉടമ പിന്നീട് പ്രശ്‌നമുണ്ടാക്കിയാല്‍ കൊടി സുനി ഫോണ്‍ ചെയ്യും. ജയിലില്‍ നിന്ന് കൊടി സുനി ഇക്കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നു. ഈ സംഘം ഭീഷണി മുഴക്കുന്നതോടെ സ്വര്‍ണ്ണത്തിന്റെ ഉടമ പിന്‍മാറും. പാര്‍ട്ടിയുടെ പിന്‍ബലമുണ്ടെന്ന് വരുത്തിത്തീര്‍ത്താണ് പിടിച്ചുപറി. ജിജോ തില്ലങ്കേരിയും രജീഷ് തില്ലങ്കേരിയും സംഘത്തിലുണ്ട്.