തിരുവനന്തപുരം: നാടോടിക്കാറ്റ് സിനിമയിലെ പവനായി എന്ന കഥാപാത്രത്തെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണുമ്പോള്‍ ഓര്‍മ വരികയെന്ന് തലശ്ശേരി എം.എല്‍.എ. എ. എന്‍ ഷംസീര്‍. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയുമെതിരെ കടുത്ത വിമർശനങ്ങളാണ് ഷംസീര്‍ ഉന്നയിച്ചത്.
സതീശനെ പ്രതിപക്ഷ നേതാവായി കൊണ്ടുവന്നപ്പോൾ ഇതാ കേരളത്തെ രക്ഷിക്കാന്‍ പോകുന്നു എന്ന തരത്തിലായിരുന്നു പ്രചാരണം. അവസാനം പവനായി ശവമായ പോലെ അദ്ദേഹം ഇരിക്കുകയാണ്. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തിന് തെളിച്ചമില്ലെന്നും ഷംസീര്‍ പരിഹസിച്ചു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രൊപ്പഗഡയ്ക്ക് രണ്ടുപാര്‍ട്ടുണ്ടെന്നും ഷംസീർ പറഞ്ഞു. ഇത് സിനിമ പോലെയാണ്. ഒരു വർഷം ഓടി. പക്ഷേ അതിന്റെ പ്രൊഡക്ഷനില്‍ കെ.പി.സി.സിക്ക് നഷ്ടമാണ്. ഒരു കൊല്ലം ഓടിയിട്ടും സാമ്പത്തിക നഷ്ടം. രണ്ടുതിരഞ്ഞെടുപ്പില്‍ തോറ്റു. സീറ്റിന്റെ എണ്ണം കുറഞ്ഞു. ഇതാണ് സ്വര്‍ണക്കടത്ത് ഒന്നാം പാര്‍ട്ട്
സെക്കന്‍ഡ് പാര്‍ട്ട്: ഒരു സ്ത്രീ ആരോപണം ഉന്നയിക്കുന്നു. യുഡിഎഫ് ഏറ്റുപിടിക്കുന്നു. ആരാണ് ഫൈസല്‍ ഫരീദ് എന്ന് യുഡിഎഫിന് അറിയേണ്ടേ? കോണ്‍സുലേറ്റ് ജനറലിനെ കുറിച്ച് അറിയേണ്ടേ? ഇ.ഡി. അന്വേഷണം നിര്‍ത്തിയതിനെ കുറിച്ച് യുഡിഎഫിന് അറിയേണ്ടേ? വി മുരളീധരന്റെ പങ്കിനെ കുറിച്ച് അറിയേണ്ടേ? എച്ച്.ആര്‍.ഡി.എസിനും സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ കൃഷ്ണരാജിനും രൂക്ഷവിമര്‍ശനം. സ്വര്‍ണക്കടത്തിനെ കുറിച്ച് ഇസ്ലാമോഫോബിയ ഉണ്ട്. ആദ്യം ഖുറാന്‍, പിന്നെ ഈന്തപ്പഴം, പിന്നെ ബിരിയാണിച്ചെമ്പ്. ഇത് ആസൂത്രിതമാണ്. ലോകത്താകെ പ്രചരിപ്പിക്കുന്ന ഇസ്ലാമോഫോബിയുടെ പ്രചാരകരായി യു.ഡി.എഫ്. മാറുന്നു
ഒന്നാം സ്വര്‍ണക്കടത്ത് കേസ് എങ്ങനെ പൊട്ടിയോ അതുപോലെ രണ്ടാം സ്വര്‍ണക്കടത്തും പൊട്ടും. പിണറായി എന്ന രാഷട്രീയ നേതാവ് ഉയര്‍ന്നുവന്നത് സുപ്രഭാതത്തിലല്ല. പിണറായിക്ക് നാലുപതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്ന ഏകമുഖം പിണറായി വിജയന്റേതാണ്. കമല ഇന്റര്‍നാഷണല്‍ പ്രചാരണം എവിടെ പോയി? പിണറായിയുടെ വീട്ടില്‍ ഹെലിപ്പാഡുണ്ടായിരുന്നു എന്നായിരുന്നു മറ്റൊരു പ്രചാരണം. പിണറായി രണ്ടുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രിയായത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ല. കോണ്‍ഗ്രസിന് അറിയുന്ന ഏക ഗാന്ധി രാഹുല്‍ ഗാന്ധിയാണ്. നിങ്ങള്‍ക്ക് മഹാത്മാ ഗാന്ധിയെ അറിഞ്ഞുകൂടാ. സതീശന്‍ ഉമ്മന്‍ചാണ്ടിയെ കണ്ടുപഠിക്കണം. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടണം. എന്തും ഏതും വിളിച്ചു പറയരുത്. മുഖ്യമന്ത്രിയെ കൂപമണ്ഡൂകം എന്നുവിളിക്കുന്നത് ശരിയാണോ?
ഇ.ഡി. കേരളത്തിലെത്തുമ്പോള്‍ നല്ലതാണ്. കേന്ദ്രത്തിലെത്തുമ്പോള്‍ മോശം. എന്താണ് അങ്ങനെ? എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുത്തില്ലെന്ന് ചോദിച്ചു. വഴിയില്‍ കുരയ്ക്കുന്ന നായ്ക്കളെ കല്ലെറിയാന്‍ നിന്നാല്‍ ലക്ഷ്യത്തിലെത്തില്ല എന്നതാണ് കാരണം. അങ്ങനെ പലരും കുരയ്ക്കും. അതിന്റെയൊന്നും പിറകേ പോകേണ്ട കാര്യം ഞങ്ങള്‍ക്കില്ല. സതീശന്‍ ഷാഫി പറമ്പിലിനെ നമ്പരുത്. അദ്ദേഹം ഉമ്മന്‍ ചാണ്ടിയുടെ പ്രധാനപ്പെട്ട ആളായിരുന്നു. അദ്ദേഹത്തിന് അല്‍പം ക്ഷീണം വന്നപ്പോള്‍ ഇപ്പോള്‍ സതീശന്‍ ഫാന്‍ ക്ലബ്ബിന്റെ കണ്‍വീനറായി പ്രവര്‍ത്തിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍