സിര്‍സ:വിവാദ പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമത്തില്‍ പരിശോധന തുടരുന്നു.
ഇന്ന് നടന്ന പരിശോധനയില്‍ ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് പോലീസ് കണ്ടെത്തിയത്.
ആശ്രമത്തില്‍ അനധികൃത ഗര്‍ഭഛിദ്ര ക്ലിനിക്ക്, പ്ലാസ്റ്റിക്ക് സര്‍ജറി കേന്ദ്രങ്ങള്‍ തുടങ്ങിയവ അന്വേഷണസംഘം കണ്ടെത്തി. നിരവധി അസ്ഥികൂടങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുര്‍മീതിന് അനവധി ആഡംബര കാറുകളുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.
ആശ്രമത്തില്‍ നിന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് നാണയങ്ങൾ കണ്ടെത്തിയിരുന്നു.
പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ആശ്രമത്തിൽ പരിശോധന നടത്തിയത്.
ലാപ്ടോപ്പുകളും കംപ്യുട്ടറുകളും ആയുധങ്ങളും ആശ്രമത്തിൽ നിന്നു പോലീസ് പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.
ആശ്രമത്തിലെ ചില മുറികൾ സീൽ ചെയ്തതായും, ഇവ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടർ സതീഷ് മെഹ്റ വ്യക്തമാക്കിയിരുന്നു.
പഞ്ചാബ്-ഹരിയാന ഹൈക്കോടതികള്‍ നിയമിച്ച കമ്മിഷണര്‍ എ.കെ.എസ് പവാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
41 കമ്പനി അര്‍ദ്ധ സൈനിക വിഭാഗം, നാല് കമ്പനി സൈനിക വിഭാഗം, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള പൊലീസ് സേന, ഡോഗ് സ്‌ക്വാഡ് എന്നിവയാണ് പരിശോധനയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
800 ഏക്കര്‍ സ്ഥലത്താണ് ദേരാ സച്ചാ സൗദയുടെ ആശ്രമം സ്‌ഥാപിച്ചിരിക്കുന്നത്. സിര്‍സയിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന.