ആനന്ദ് ഏകര്‍ഷി ‘ആട്ടം’ മികച്ച ചിത്രം; ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ഏഞ്ചല്‍സില്‍ അംഗീകാരം

ന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ഏഞ്ചല്‍സില്‍ (ഐഎഫ്എഫ്എല്‍എ) മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് ജൂറി പുരസ്‌കാരം സ്വന്തമാക്കി മലയാള ചിത്രം ‘ആട്ടം’. ചേംബര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന പ്രമേയത്തെ ആസ്പദമാക്കിയിട്ടാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. നവാഗതനായ ആനന്ദ് ഏകര്‍ഷിയാണ് ആട്ടത്തിന്റെ സംവിധായകന്‍.

നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഫിലിം ബസാര്‍ ജൂറി അന്താരാഷ്ട്ര ഡലിഗേറ്റുകള്‍ക്കായി തെരെഞ്ഞെടുത്ത ഇരുപത് ചിത്രങ്ങളുടെ പട്ടികയില്‍ ‘ആട്ട’വും ഇടംപിടിച്ചതോടെയാണ് ചിത്രം കൂടുതല്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. സെറിന്‍ ശിഹാബ്, വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി എന്നിവരോടൊപ്പം ഒന്‍പത് പുതുമുഖ താരങ്ങളും അണിനിരക്കരന്നു.

ചിത്രത്തിന് മേളയില്‍ മികച്ച പ്രേക്ഷക പ്രശംസയും ലഭിച്ചതായി അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അവതരണത്തിലെ വ്യത്യസ്ഥതയും പതിയെ ചുരുളഴിയുന്ന സസ്‌പെന്‍സുകളുമാണ് ചിത്രത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡോ. അജിത് ജോയ് ആണ് നിര്‍മാണം. അനുരുദ്ധ് അനീഷ് ക്യാമറയും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ബേസില്‍ സി ജെയാണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും തയ്യാറാക്കിയിട്ടുള്ളത്. ചിത്രത്തിന് ശബ്ദമിശ്രണം നിര്‍വഹിച്ചിട്ടുള്ളത് ജിക്കു എം. ജോഷിയും വിപിന്‍ നായരും ചേര്‍ന്നാണ്. നിശ്ചല ഛായാഗ്രഹണം രാഹുല്‍ എം. സത്യന്‍. ഷഹീന്‍ താഹയുടെ ചിത്രങ്ങളാണ് പോസ്റ്ററുകള്‍. സ്റ്റോറീസ് സോഷ്യലിനു വേണ്ടി സംഗീത ജനചന്ദ്രന്‍ മാര്‍ക്കറ്റിംഗ്, കമ്മ്യുണിക്കേഷന്‍ എന്നിവ നിര്‍വഹിക്കുന്നു. ജോയ് മൂവീസ് പ്രൊഡക്ഷനാണ് ചിത്രം വിതരണം ചെയ്യുന്നത്.

Top