തിരുവനന്തപുരം: ഇത്തവണത്തെ തിരുവോണം ബമ്പര്‍ ഭാഗ്യം തുണച്ചത് ഇടുക്കി സ്വദേശി അനന്തുവിന്. എറണാകുളത്ത് ജോലി ചെയ്യുന്ന അനന്തുവിന് 12 കോടി രൂപയാണ് ലഭിക്കുന്നത്. പത്ത് ശതമാനം ഏജന്‍സി കമ്മീഷനും, 30 ശതമാനം ആദായ നികുതിയും കഴിഞ്ഞ് 7.56 കോടി രൂപയാണ് അനന്തുവിന് ലഭിക്കുക.
എറണാകുളം എളംകുളത്തെ ക്ഷേത്രത്തിലാണ് അനന്തുവിന് ജോലി. ഒന്നാം സമ്മാനം TB 173964 എന്ന ടിക്കറ്റിനാണ്. അയ്യപ്പന്‍കാവ് സ്വദേശിയായ അജേഷ് കുമാറാണ് ടിക്കറ്റ് വിറ്റത്. ലോട്ടറി ഏജന്‍സി നടത്തുകയാണ് അജേഷ് കുമാര്‍. അജേഷാണ് ലോട്ടറി വില്‍പനക്കാരനായ അളകര്‍സ്വാമിക്ക് ടിക്കറ്റ് കൈമാറിയത്. അളകര്‍സ്വാമിയുടെ കയ്യില്‍ നിന്നാണ് അനന്തു ടിക്കറ്റ് വാങ്ങുന്നത്.
സ്ഥിരമായി ടിക്കറ്റ് വാങ്ങുന്ന ശീലമുള്ള ആളല്ല അനന്തു. എന്നാല്‍ ഇത്തവണ അളകര്‍ സ്വാമിയുടെ കയ്യില്‍ നിന്നാണ് അനന്തു ടിക്കറ്റു വാങ്ങി ഭാഗ്യം പരീക്ഷിച്ചത്. പലപ്പോഴായി എടുത്ത ടിക്കറ്റുകളില്‍ നിന്ന അയ്യായിരത്തോളം രൂപ അനന്തുവിന് ലഭിച്ചിട്ടുണ്ട്.
അച്ഛനും അമ്മയും ചേച്ചിയും അനിയനും അടങ്ങുന്നതാണ് അനന്തുവിന്റെ കുടുംബം. സ്വന്തമായി ഒരു വീടു വയ്ക്കണമെന്നും ജീവിതം കെട്ടിപ്പടുക്കണമെന്നുമാണ് അനന്തുവിന്റെ ആഗ്രഹം.