തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു, മുത്തൂറ്റ് എം.ഡിയെ അറസ്റ്റ് ചെയ്യണം: ആനത്തലവട്ടം

കൊച്ചി: മുത്തൂറ്റ് എം.ഡിയെ അറസ്റ്റ് ചെയ്യണമെന്ന പ്രസ്താവനയുമായി സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ രംഗത്ത്. തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന നടപടിയാണ് അദ്ദേഹം സ്വീകരിക്കുന്നതെന്ന് ആനത്തലവട്ടം വിമര്‍ശിച്ചു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന തൊഴിലാളികളെ പിരിച്ചു വിട്ട്, കേരളത്തില്‍ ബിസിനസ് നടത്താമെന്ന് ആരും കരുതണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിരിച്ചുവിട്ടജീവനക്കാരെ തിരിച്ചെടുക്കാനാകില്ലെന്ന് മുത്തൂറ്റ് എം.ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ സമരം ശക്തമായി തുടരുമെന്ന് സിഐടിയുവും വ്യക്തമാക്കുകയായിരുന്നു. സമവായശ്രമം അവസാനിപ്പിക്കില്ലെന്നും ഈ മാസം ഇരുപതാം തീയതി വീണ്ടും ചര്‍ച്ച നടത്തുമെന്നും തൊഴില്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ജീവനക്കാരെ തിരിച്ചെടുക്കില്ലെന്ന് മാത്രമല്ല, പരാതിക്കാര്‍ക്ക് വേണമെങ്കില്‍ കോടതിയെ സമീപിക്കാം എന്നും മുത്തൂറ്റ് എംഡി പറഞ്ഞിരുന്നു. പിന്നാലെ അദ്ദേഹത്തിന് നേരെ കല്ലേറാക്രമണവും നടന്നു. ഇതോടെയാണ് സമരക്കാരുമായി സഹകരിക്കേണ്ടെന്ന തീരുമാനം മാനേജ്‌മെന്റ് കൈക്കൊണ്ടത്. കൊച്ചിയിലെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നില്‍ വച്ചാണ് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടറിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ ജോര്‍ജ് അലക്‌സാണ്ടറിന് പരിക്കേറ്റു. ഡിസംബര്‍ രണ്ടാം തീയതി മുതല്‍ ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടന്നുവരികയായിരുന്നു.

Top