അരിയിലെ ‘അരശിയലിലും’ കുടിപ്പക വീണ്ടും ‘അടിതെറ്റുമോ ചെന്നിത്തലക്ക്’ ?

ടുവില്‍ അരി രാഷ്ട്രീയത്തിലും അടിപതറി പ്രതിപക്ഷം. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞ് വച്ചിരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ പരാതി പരിഗണിച്ചാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതാണ് യു.ഡി.എഫ് നേതൃത്വത്തെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു ചെന്നിത്തല നല്‍കിയ പരാതിയാണ് പുറത്തുവന്നിരിക്കുന്നത്. പരാതിയില്‍ അരിവിതരണം അടക്കം തടയാനാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്താണ് ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നത്.

വിഷുവിനുള്ള കിറ്റ് തെരഞ്ഞെടുപ്പിനു ശേഷം നല്‍കിയാല്‍ എന്താണ് പ്രശ്നമെന്നതാണ് അദ്ദേഹത്തിന്റെ ചോദ്യം.
മൂന്ന് ആവശ്യങ്ങളാണ് സ്വന്തം ലെറ്റര്‍പാഡില്‍ നല്‍കിയ കത്തില്‍ രമേശ് ചെന്നിത്തല അക്കമിട്ട് ഉന്നയിച്ചിരിക്കുന്നത്. ഒന്നാമത്തെ ആവശ്യം സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യ സാധനങ്ങളുടെ വിതരണം തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ നടക്കില്ല എന്നുറപ്പാക്കണം എന്നതാണ്. വിഷു സ്പെഷ്യലായി നല്‍കുന്ന ഭക്ഷ്യ വസ്തുക്കളുടെ വിതരണം ഏപ്രില്‍ ആറു വരെ നിര്‍ത്തിവെക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് നിര്‍ദേശം നല്‍കണം എന്നതാണ് രണ്ടാമത്തെ ആവശ്യം. ഏപ്രില്‍, മെയ് മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഏപ്രില്‍ ആറിന് മുമ്പ് വിതരണം ചെയ്യുന്നതില്‍ നിന്നും സര്‍ക്കാരിനെ വിലക്കണമെന്നതാണ് പ്രതിപക്ഷ നേതാവിന്റെ മൂന്നാമത്തെ ആവശ്യം.

ഈ കത്ത് പരിഗണിച്ചാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള തീരുമാനം തടഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് കത്തു നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നിലപാടിനെതിരെ കോടതിയെ സമീപിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ചാണ് അരി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പദ്ധതി നടപ്പാക്കാന്‍ ഉത്തരവിറക്കിയതാകട്ടെ പെരുമാറ്റച്ചട്ടം വരും മുന്‍പുമായിരുന്നു. അതായത് ഫെബ്രുവരി നാലിനായിരുന്നു ഉത്തരവ് ഇറക്കിയിരുന്നത് എന്ന് വ്യക്തം. ഇക്കാര്യം ഭക്ഷ്യവകുപ്പ് അധികൃതര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും. സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞാണ് ഒരു മുഴം മുന്‍പേ തടസ്സവാദവുമായി ഇപ്പോള്‍ പ്രതിപക്ഷം രംഗത്തിറങ്ങിയിരിക്കുന്നത്.

അതേസമയം, ഈ തടസ്സ വാദങ്ങളെ പോലും നേട്ടമാക്കി മാറ്റാനാണ് ഇടതുപക്ഷം നിലവില്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ നിന്നു തന്നെ ലക്ഷ്യം വ്യക്തവുമാണ്. ജനങ്ങള്‍ക്ക് നല്‍കുന്ന കിറ്റും അരിയും പെന്‍ഷനും മുടക്കാനുള്ള ആവശ്യം പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയാന്‍ പ്രതിപക്ഷ നേതാവ് തയാറാകണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ കുറച്ച് അരിയും പലവ്യഞ്ജനവും കൊടുത്താല്‍ സ്വാധീനിക്കപ്പെടുന്നവരാണ് കേരളത്തിലെ ജനങ്ങളെന്ന് പ്രതിപക്ഷ നേതാവ് താഴ്ത്തിക്കാണുകയാണോയെന്നും പിണറായി വിജയന്‍ ചോദിക്കുകയുണ്ടായി. രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനതയോടുള്ള വെല്ലുവിളിയായാണ് ഇടതുപക്ഷം ചെന്നിത്തലയുടെ നീക്കത്തെ ചിത്രീകരിച്ചിരിക്കുന്നത്.

അന്നം മുടക്കികളാകുന്ന യുഡിഎഫിനെതിരെ സംസ്ഥാന വ്യാപകമായി എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐയും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. തെരുവില്‍ കഞ്ഞി വച്ചായിരുന്നു വ്യത്യസ്തമായ ഈ പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം തടസ്സപ്പെടുത്തുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും ഇത് മനുഷ്യത്വ വിരുദ്ധമായ സമീപനമാണെന്നുമാണ് ഡി.വൈ.എഫ്.ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിന്റെ മുഴുവന്‍ ജനക്ഷേമ പദ്ധതികളേയും തെരഞ്ഞെടുപ്പിനെ മറയാക്കി എതിര്‍ക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും ഡിവൈഎഫ്‌ഐ തുറന്നടിച്ചിട്ടുണ്ട്.

അരിയും ഭക്ഷ്യ കിറ്റുമെല്ലാം വിതരണം ചെയ്താല്‍ ഉണ്ടാക്കാന്‍ പറ്റാവുന്നതിനേക്കാള്‍ കൂടുതല്‍ നേട്ടം ഇപ്പൊഴത്തെ വിവാദങ്ങള്‍ വഴി ഭരണപക്ഷത്തിനുണ്ടാക്കാനുള്ള അവസരമാണ് പ്രതിപക്ഷമായിട്ട് ഇപ്പോള്‍ ഒരുക്കി കൊടുത്തിരിക്കുന്നത്. ‘അന്നം മുടക്കികള്‍ ‘ എന്ന ആരോപണം യു.ഡി.എഫിനു നേരെ ഒരു ക്യാംപയിനായി തന്നെ ഉയര്‍ന്നു കഴിഞ്ഞു. പ്രചരണ പരിപാടികളിലും ചെന്നിത്തലയുടെ ‘വിവാദ കത്തു ‘തന്നെയാണ് ഇടതുപക്ഷത്തിന്റെ പ്രധാന പ്രചരണായുധം. അപ്രതീക്ഷിതമായ ഈ തിരിച്ചടിയില്‍ ശരിക്കും പകച്ചിരിക്കുകയാണിപ്പോള്‍ യു.ഡി.എഫ് നേതൃത്വം. എല്ലാം കൈവിട്ടു പോകുമോ എന്ന ആശങ്ക നേതാക്കളുടെ മുഖഭാവത്തില്‍ തന്നെ പ്രകടമാണ്.

നിലവില്‍ യു.ഡി.എഫിന്റെ സകല പ്രതീക്ഷയും രാഹുല്‍ ഗാന്ധിയിലാണ്. അദ്ദേഹത്തെ പൂര്‍ണ്ണമായും ആശ്രയിച്ച ഒരു പ്രചരണ രീതിയുമായാണ് യു.ഡി.എഫ് നേതൃത്വം മുന്നോട്ട് പോകുന്നത്. രാഹുലിന്റെ റോഡ് ഷോയ്ക്കും സമ്മേളനങ്ങള്‍ക്കുമുള്ള ജനക്കൂട്ടം വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ബി.ജെ.പിയും ദേശീയ നേതാക്കളെ രംഗത്തിറക്കിയാണ് പ്രചരണ രംഗം കൊഴിപ്പിക്കുന്നത്.

 

ഇടതുപക്ഷത്തിന്റെ ക്രൗഡ് പുള്ളറാകട്ടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ സ്വീകരണ കേന്ദ്രങ്ങള്‍ ജനസാഗരമായാണ് മാറുന്നത്. തുടര്‍ ഭരണ സാധ്യത ഉറപ്പിച്ചു തന്നെയാണ് മുഖ്യമന്ത്രിയും ചെമ്പടയും മുന്നോട്ട് പോകുന്നത്. വീറും വാശിയും ശക്തമായതോടെ കേരളത്തിലെ അങ്കത്തട്ടിലേക്കാണ് ദേശീയ മാധ്യമങ്ങളും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. കേരളത്തില്‍ ചെങ്കൊടിക്ക് തുടര്‍ ഭരണം സാധ്യമായാല്‍ പുതിയ ചരിത്രത്തിനു കൂടിയാണ് തുടക്കമാകുക.

 

Top