andaman boat disaster

പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാനില്‍ കുടുങ്ങിയ 425 വിനോദസഞ്ചാരികളെ ഇന്ത്യന്‍ നാവികസേന രക്ഷപെടുത്തി. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം ആന്‍ഡമാനിലെ നെയില്‍, ഹാവ്‌ലോക്ക് ദ്വീപുകളിലാണു വിനോദസഞ്ചാരികള്‍ കുടുങ്ങിയത്. നാവിക സേനയുടെ അഞ്ച് കപ്പലുകളും കോസ്റ്റുഗാര്‍ഡിന്റെ രണ്ടു കപ്പലുകളും വ്യോമസേനയുടെ മൂന്നു ഹെലികോപ്ടറുകളുമുപയോഗിച്ചാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വ്യോമസേനയുടെ സഹായത്തോടെ മാത്രം ഇതുവരെ 295 വിനോദസഞ്ചാരികളെ രക്ഷിച്ചു. വെള്ളിയാഴ്ച ഹെലികോപ്ടറുകള്‍ ഉപയോഗിച്ചു 85 പേരെയാണു രക്ഷപെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആന്‍ഡമാനില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു അനുകൂലമായ കാലവസ്ഥ രൂപപ്പെട്ടു തുടങ്ങിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ശനിയാഴ്ച നാവിക സേനയുടെ ആറ് കപ്പലുകള്‍കൂടി അയക്കും. ഇതിനുപുറമേ വ്യോമസേനയുടെ മൂന്നു ഹെലികോപ്ടറുകള്‍കൂടി രക്ഷപ്രവര്‍ത്തനങ്ങളുടെ ഭാഗമാകും.

പോര്‍ട്ട് ബ്ലെയറില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഹാവ്‌ലോക്ക്, നെയ്ല്‍ ദ്വീപുകളില്‍ വിനോദസഞ്ചാരത്തിനെത്തിയ 1400ഓളം പേരാണ് കുടുങ്ങിയത്. ആന്‍ഡമാനിലെ പ്രധാന രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളാണു ഹാവ്‌ലോക്കും നെയ്‌ലും. കടല്‍ക്ഷോപവും കൂറ്റന്‍ തിരമാലകളും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നുണ്ടായ കാലാവസ്ഥാ മാറ്റമാണു കനത്ത മഴയ്ക്കു കാരണമായത്.

Top