അന്‍ഡമനിലെ ഒരു ദ്വീപിലും മറ്റൊരു രാഷ്ട്രത്തിന്റെയും ഇടപെടല്‍ നടത്തിക്കില്ലെന്ന് . .

ന്ത്യയുടെ ഏറ്റവും തന്ത്രപ്രധാനമായ സൈനിക ക്യാംമ്പ് സ്ഥിതി ചെയ്യുന്ന അന്‍ഡമന്‍ നിക്കോബര്‍ ദ്വീപുകളില്‍ അമേരിക്കന്‍ ചാരക്കണ്ണുകള്‍ക്ക് റെഡ് സിഗ്‌നല്‍ നല്‍കി ഇന്ത്യ.

വിലക്ക് ലംഘിച്ച് അന്‍ഡമനിലെ സെന്റിനല്‍ ദ്വീപില്‍ കടക്കുകയും പിന്നീട് അവിടെ വച്ചു തന്നെ കൊല്ലപ്പെടുകയും ചെയ്ത അമേരിക്കന്‍ പൗരന്‍ ജോണ്‍ അലന്‍ ചൗവാന്റെ മൃതദേഹത്തിനായി ശക്തമായ ഇടപെടല്‍ അമേരിക്ക നടത്തിവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.

മതപരമായ ആചാരം പൂര്‍ത്തിയാക്കാന്‍ മൃതദേഹം വിട്ടുകിട്ടണമെന്ന ജോണിന്റെ കുടുംബത്തിന്റെ ആവശ്യമാണ് അമേരിക്കന്‍ അധികൃതര്‍ ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്.

സെന്റിനല്‍ ദ്വീപില്‍ അതിക്രമിച്ച് എത്തുന്നവരെ അമ്പെയ്ത് കൊല്ലുന്ന ഗോത്രവര്‍ഗ്ഗക്കാരെ ആക്രമിച്ചായാലും സ്വന്തം പൗരന്റെ മൃതദേഹം കൊണ്ടുവരണമെന്ന നിലപാടിലാണ് അമേരിക്ക. സംഭവം രാജ്യാന്തര തലത്തില്‍ വലിയ വാര്‍ത്ത ആയത് അമേരിക്കന്‍ ഭരണകൂടത്തെ കൂടുതല്‍ അസ്വസ്ഥമാക്കിയിട്ടുണ്ട്.

ആണവ രാജ്യമായ പാക്കിസ്ഥാനില്‍ റഡാറുകളെ പോലും വെട്ടിച്ച് ഒരു കുഞ്ഞു പോലും അറിയാതെ കടന്നു ചെന്ന് അല്‍ഖൈദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിച്ച് തിരികെ വന്ന ചരിത്രമുള്ള അമേരിക്കക്ക് സ്വന്തം പൗരന്റെ മൃതദേഹം വീണ്ടെടുക്കാന്‍ കഴിയില്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ സംഭവം നാണക്കേടുണ്ടാക്കുമെന്ന ആശങ്കയാണുള്ളത്.

ഇത്തരമൊരു സാഹചര്യത്തില്‍ അമേരിക്ക സാഹസം കാട്ടിയാല്‍ അത് ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് മാത്രമല്ല, വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തുവാനും സാധ്യത ഏറെയാണ്.

john sentinal

ഇന്ത്യന്‍ സൈനിക താവളമടക്കം സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമേഖലയില്‍ മറ്റൊരു രാജ്യത്തിന്റെയും നിഴല്‍ പോലും വീഴാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ 2000 വര്‍ഷത്തോളമായി പ്രാചീന മനുഷ്യരായി ഇപ്പോഴും ദ്വീപില്‍ ജീവിക്കുന്ന സെന്റിനലീസ് വിഭാഗത്തില്‍പ്പെട്ട നീഗ്രാകളുടെ അമ്പേറ്റാണ് നവംബര്‍ 16ന് അമേരിക്കന്‍ പൗരന്‍ ജോണ്‍ അലന്‍ ചൗവന്‍ കൊല്ലപ്പെട്ടത്.

നവംബര്‍ 16ന് മത്സ്യതൊഴിലാളികളുടെ ബോട്ടില്‍ ആദ്യം ദ്വീപിലേക്ക് കടക്കാന്‍ ശ്രമം നടത്തിയ ജോണ്‍ ഗോത്രവര്‍ഗ്ഗക്കാരുടെ അമ്പെയ്തില്‍ പരിക്കേറ്റത് വകവയ്ക്കാതെ പിറ്റേന്ന് രാത്രി ഒറ്റക്ക് ചെറുവള്ളത്തില്‍ ദ്വീപിലേക്ക് പോകുകയായിരുന്നു. അതായിരുന്നു മരണത്തിലേക്കുള്ള അവസാന യാത്ര.

ഒരു യുവാവിന്റെ മൃതദേഹം ഗോത്രവര്‍ഗ്ഗക്കാര്‍ തീരത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി കുഴിച്ചിടുന്നത് കണ്ടെന്ന് അടുത്ത ദിവസം രാവിലെ മത്സ്യത്തൊഴിലാളികളാണ് പൊലീസിനെയും കോസ്റ്റ് ഗാര്‍ഡിനെയും അറിയിച്ചത്.

മൃതദേഹം വീണ്ടെടുക്കുന്നതിനായി ചെന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗോത്രവര്‍ഗ്ഗക്കാരുടെ ശക്തമായ അമ്പെയ്ത്ത് മൂലം കരയിലേക്ക് അടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. തിരിച്ച് ഒരു ചെറിയ പ്രതിരോധ ആക്രമണം പോലും ഇവര്‍ക്കെതിരെ നടത്താന്‍ നിയമം അനുവദിക്കാത്തതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്നും മടങ്ങാന്‍ നിര്‍ബന്ധിതമായി.

ബലം പ്രയോഗിച്ച് ദ്വീപില്‍ കടന്ന് മൃതദേഹം കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ ദ്വീപ് വാസികളുടെ ഉന്‍മൂലനത്തിന് തന്നെ അതു കാരണമാകും എന്നതിനാല്‍ ശ്രമം ഉപേക്ഷിക്കണമെന്ന് ഇന്ത്യയോട് വിവിധ രാജ്യാന്തര സംഘടനകളും ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ അടക്കമുള്ള സംഘടനകളാണ് ശക്തമായി രംഗത്തു വന്നിരിക്കുന്നത്.

സെന്റിനല്‍ ദ്വീപുവാസികളെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ കടമയായാണ് നരേന്ദ്രമോദി സര്‍ക്കാറും കാണുന്നത്. മൃതദേഹത്തിനായുള്ള ശ്രമം ഉപേക്ഷിക്കാന്‍ കേന്ദ്രം തന്നെ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയുടെ 1956ലെ അന്‍ഡമന്‍ നിക്കോബര്‍ ഗോത്ര സംരക്ഷണ നിയമപ്രകാരം സംരക്ഷിത ആദിവാസി ഗോത്രമേഖലകളിലേക്ക് ആര്‍ക്കും പ്രവേശനമില്ല. ഗോത്ര ജനതയുടെ ചിത്രം പകര്‍ത്തുന്നതും കുറ്റകരമാണ്. 2001-ലെ കണക്കുകള്‍ പ്രകാരം 39 പേര്‍ മാത്രമാണ് ഇപ്പോള്‍ ഈ ദ്വീപില്‍ അവശേഷിക്കുന്നത്.

അമേരിക്കയുമായുള്ള സൗഹര്‍ദ്ദം നിലനിര്‍ത്തി കൊണ്ട് തന്നെ ഈ വസ്തുതകളും സാഹചര്യങ്ങളും ബോധ്യപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നാല് കൂറ്റന്‍ യുദ്ധക്കപ്പലുകളെ അധികമായി അന്‍ഡമന്‍ നിക്കോബര്‍ ദ്വീപുകളില്‍ ഇന്ത്യ അടുത്തയിടെയാണ് വിന്യസിച്ചിരുന്നത്.

ഭൂമിശാസ്ത്രപരമായി തന്നെ രാജ്യത്തെ സംബന്ധിച്ച് നിര്‍ണ്ണായകമായ സ്ഥലമാണ് അന്‍ഡമാനിലെ പോര്‍ട്ട് ബ്ലയര്‍ എന്ന കൊച്ചു ദ്വീപ്. ഇവിടം ഇപ്പോള്‍ ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളുടെയും തന്ത്രപ്രധാനമായ മേഖലയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാത സ്ഥിതി ചെയ്യുന്ന ഈ മേഖലയില്‍ എന്തിന്റെ പേരിലായാലും മറ്റൊരു രാജ്യത്തിന്റെയും ഇടപെടല്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല.

മുന്‍പ് മറ്റു പല രാജ്യങ്ങളിലും ചെയ്തതുപോലെ രഹസ്യ ഓപ്പറേഷനിലൂടെ ദ്വീപില്‍ കയറി സാഹസം കാട്ടാന്‍ അമേരിക്ക തുനിഞ്ഞാല്‍ അത് ഇന്ത്യന്‍ സേനയുമായുള്ള വെടിവയ്പില്‍ വരെ കലാശിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് നയതന്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

ഗോത്രവര്‍ഗ്ഗക്കാര്‍ ആരെയും അങ്ങോട്ട് ചെന്ന് കടന്നാക്രമിച്ച് കൊന്നതല്ലന്നും ദ്വീപിലേക്ക് അതിക്രമിച്ച് കടന്നവരെ സ്വയംരക്ഷ മുന്‍നിര്‍ത്തി പ്രതിരോധിച്ചപ്പോള്‍ കൊല്ലപ്പെട്ടതാണെന്നുമാണ് നരവംശ ശാസ്ത്രജ്ഞരും വാദിക്കുന്നത്.

കാര്യങ്ങള്‍ എന്തായാലും മനുഷ്യപിറവിയുടെ കാലത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ജനത ഇപ്പോഴും ഇന്ത്യന്‍ ദ്വീപ് സമൂഹത്തില്‍ ജീവിച്ചിരുപ്പുണ്ടെന്ന് ലോകം മുഴവന്‍ അറിയുന്നതിന് ഈ സംഭവം കാരണമായിട്ടുണ്ട്.

വിവര സാങ്കേതിക വിദ്യയുടെയും കണ്ടുപിടുത്തങ്ങളുടെയും പുതിയ കാലത്ത് ആധുനിക മനുഷ്യര്‍ വിപ്ലവം സൃഷ്ടിച്ച് മുന്നേറുമ്പോള്‍ പ്രാചീനതയുടെ അടയാളമായി . . . ഓര്‍മ്മപ്പെടുത്തലായി . . . അവര്‍ 39 പേരുണ്ട് ഇപ്പോഴും ഈ കൊച്ചു ദ്വീപില്‍. ഇവിടെ കടലും മരങ്ങളും മൃഗങ്ങളും മാത്രമാണ് അവരുടെ ലോകം.

Top