അനധികൃത സ്വത്ത് സമ്പാദനം; ജഗന്‍ മോഹന്‍ റെഡ്ഡി സിബിഐ കോടതിയില്‍ ഹാജരായി

ഹൈദരാബാദ്: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായി. വെള്ളിയാഴ്ച രാവിലെയാണ് ജഗന്‍ കോടതിയിലെത്തിയത്.

2019 മെയ് 30 ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇത് ആദ്യമാണ് ജഗന്‍ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാകുന്നത്. ജഗന്‍ കോടതിയില്‍ ഹാജരാകുന്നത് കണക്കിലെടുത്ത്, കോടതിയുടെ പരിസരത്ത് സുരക്ഷ ഏര്‍പ്പെടുത്തി.

ജനുവരി പത്തിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഈ മാസം മൂന്നിന് കോടതി ജഗന്‍ മോഹന്‍ റെഡ്ഡിക്കും വി. വിജയ് സായി റെഡ്ഡി എംപിക്കും നോട്ടീസ് അയച്ചിരുന്നു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗം വി വിജയസായി റെഡ്ഡിയും കേസില്‍ വിചാരണ നേരിടുന്നുണ്ട്.

ജഗന്‍ മോഹന്റെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. നിരവധി മുന്‍ മന്ത്രിമാരും ബ്യൂറോക്രാറ്റുകളും കേസില്‍ പ്രതികളാണ്. ഈ കേസില്‍ ജഗനെ 2012ല്‍ അറസ്റ്റു ചെയ്തിരുന്നു.

Top