ആന്ധ്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു: പകരം വൈ.എസ്.ശര്‍മിള എത്തിയേക്കും

വിജയവാഡ: ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിഡുഗു ദുദ്ര രാജു സ്ഥാനം രാജിവെച്ചു. അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന വൈ.എസ്. ശര്‍മിളയെ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയും മുന്‍ മുഖ്യമന്ത്രി വൈസ്.എസ്.രാജശേഖര റെഡ്ഡിയുടെ മകളുമായ ശര്‍മിള തന്റെ പാര്‍ട്ടിയെ ഈ മാസം ആദ്യത്തിലാണ് കോണ്‍ഗ്രസില്‍ ലയിപ്പിച്ചത്.

തെലങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വൈ.എസ്. ശര്‍മിളയെ ആന്ധ്രയില്‍ പാര്‍ട്ടിക്ക് തിരിച്ചുവരവിനുള്ള വഴിയൊരുക്കുന്നതിനാണ് കോണ്‍ഗ്രസില്‍ എത്തിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു എംഎല്‍എ പോലുമില്ലാത്ത ആന്ധ്രയില്‍ പാര്‍ട്ടിയുടെ പുനരുജ്ജീവനം ശര്‍മിളയിലൂടെ നടപ്പാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

ഹെലിക്കോപ്ടര്‍ അപകടത്തില്‍ മരിച്ച ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വിയോഗവും പിന്നാലെ നടത്തിയ ആന്ധ്ര വിഭജനവുമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണമാക്കിയത്. വൈ.എസ്.ആറിനെ മകന്‍ ജഗന്റെ മുഖ്യമന്ത്രി മോഹം ഹൈക്കമാന്‍ഡ് തടഞ്ഞതോടെ അദ്ദേഹം പാര്‍ട്ടി വിട്ട് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ആന്ധ്ര പിടിച്ചു. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രയില്‍ തിരിച്ചുവരവാണ് വൈ.എസ്.ആറിന്റെ മകളിലൂടെ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

Top