ഹൈദരബാദ്: തൊഴില്‍രഹിതരായ ബ്രാഹ്മണ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ കാറുകള്‍ നല്‍കി ചന്ദ്രബാബു നായ്ഡു സര്‍ക്കാര്‍. സ്വിഫ്റ്റ് കാറുകളാണ് യുവാക്കള്‍ക്ക് നല്‍കുന്നത്. പദ്ധതിയുടെ ആദ്യ പടിയായി 30 കാറുകള്‍ അമരാവതിയിലെ ടിഡിപി ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.
വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ആന്ധ്ര സര്‍ക്കാര്‍ ഇത്തരത്തിലുള്ള വന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത്. 14 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതിക്ക് പിന്നാലെയാണ് പുതിയ വാഗ്ദാനം.
യുവാക്കള്‍ക്ക് ബ്രാഹ്മിണ്‍ വെല്‍ഫെയര്‍ കോര്‍പറേഷന്‍ സബ്‌സിഡിയിനത്തില്‍ രണ്ട് ലക്ഷം രൂപ നല്‍കും. കാര്‍ ലഭിക്കുന്നയാള്‍ മൊത്തം വിലയുടെ പത്ത് ശതമാനം നല്‍കേണ്ടി വരും. ബാക്കി തുക ആന്ധ്രാപ്രദേശ് ബ്രാഹ്മിണ്‍ കോ ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി തവണകളായി തിരിച്ചടയ്ക്കാവുന്ന വായ്പ നല്‍കി യുവാക്കളെ സഹായിക്കും.
ആദ്യഘട്ടത്തില്‍ 50 കാറുകള്‍ അനുവദിച്ചിട്ടുണ്ട്.ഒന്നരലക്ഷത്തോളം പേര്‍ ബ്രാഹ്മിണ്‍ വെല്‍ഫെയര്‍ കോര്‍പറേഷന്റെ ഗുണഭോക്താക്കളായിട്ടുണ്ടെന്ന് ചെയര്‍മാന്‍ വെമുരി ആനന്ദ് സൂര്യ വ്യക്തമാക്കി.