ബ്രിട്ടന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്റി മറെ ടെന്നീസിലേക്ക് തിരിച്ചെത്തി

andy-murray

ബ്രിട്ടന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ആന്റി മറെ ടെന്നീസിലേക്ക് തിരിച്ചെത്തി. നീണ്ട 342 ദിവസങ്ങളുടെ ഇടവേളക്ക് ശേഷമാണ് മറെയുടെ തിരിച്ചു വരവ്. വരവ് പക്ഷെ വിചാരിച്ചത്ര ഗംഭീരമാക്കാന്‍ മറെയ്ക്ക് സാധിച്ചില്ല. ക്വീന്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മാച്ചില്‍ ഓസ്ട്രേലിയയുടെ നിക് കൈരഗൂയിസിനെയുള്ള മത്സരത്തില്‍ ആദ്യ സെറ്റ് നേടിയ മറെ മത്സരത്തില്‍ പരാജയപ്പെടുകയാണുണ്ടായത്.

പരിക്ക് മൂലം 11 മാസത്തോളം മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ബ്രിട്ടന്‍ താരം. ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത മാച്ചില്‍ നൊവാക് ജോക്കോവിച്ച് ദിമിത്രോവിനെ നേരിടും. മറുവശത്ത് ജര്‍മ്മനിയില്‍ നടക്കുന്ന ഹാലെ ഓപ്പണില്‍ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ ജയത്തോടെ തുടങ്ങി. ഒന്നാം സ്ഥാനത്ത് തുടരാന്‍ ഫെഡറര്‍ക്ക് കിരീടം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഫ്രാന്‍സിന്റെ പെയ്‌റെയാണ് അടുത്ത റൗണ്ടില്‍ ഫെഡററുടെ എതിരാളി.

Top