‘ആര്‍ട്ടിക്കിള്‍ 15′ ചിത്രത്തിന്റെ സംവിധായകനും നടനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അനേക്. അനുഭവ് സിന്‍ഹയുടെ സംവിധാനത്തില്‍ ആയുഷ്മാന്‍ ഖുറാന നായകനാവുന്ന ചിത്രം മാര്‍ച്ച് 31ന് തിയറ്ററുകളില്‍ എത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതിയൊരു തീയതിയിലേക്ക് റിലീസ് നീട്ടിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
മെയ് 13 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് തീയതി. ആയുഷ്മാന്‍ അവതരിപ്പിക്കുന്ന ജോഷ്വ എന്ന നായക കഥാപാത്രം അടങ്ങുന്ന പോസ്റ്ററിലൂടെയാണ് പുതിയ റിലീസ് തീയതിയുടെ പ്രഖ്യാപനം. വടക്കു-കിഴക്കന്‍ ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന സ്‌പൈ ത്രില്ലര്‍ ആണ് ചിത്രം. അസം, ഷില്ലോങ്ങ്, മേഘാലയ അടക്കം അവിടുത്തെ നിരവധി ലൊക്കേഷനുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
ടി സിരീസ്, ബനാറസ് മീഡിയ വര്‍ക്ക്‌സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാറും അനുഭവം സിന്‍ഹയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ഇവാന്‍ മുള്ളിഗന്‍, എഡിറ്റിംഗ് യാഷ രാംചന്ദാനി.