തിരുവനന്തപുരം: കെ സുധാകരനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. നിരന്തരമുള്ള വിവാദ പ്രസ്താവനകള്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്നുവെന്നാണ് നേതാക്കളുടെ പരാതി. എതിരാളികള്‍ക്ക് സ്ഥിരമായി ആയുധം നല്‍കുകയാണ് സുധാകരനെന്നും വിമര്‍ശനമുണ്ട്. പ്രസ്താവന തിരുത്തി എങ്കിലും സംഘപരിവാര്‍ അനുകൂല പരാമര്‍ശം ക്ഷീണമായെന്നും നേതാക്കള്‍ പറയുന്നു. സുധാകരന് ചികിത്സാര്‍ത്ഥം അവധി നല്‍കി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദത്തില്‍ താത്കാലിക നേതൃത്വം വരണമെന്നും പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
കേരള സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി അനുകൂലികളെ നാമനിര്‍ദ്ദേശം ചെയ്ത ഗവര്‍ണറെ അനുകൂലിച്ചാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ പ്രതികരിച്ചത്. സംഘപരിവാര്‍ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമെന്ന് പറഞ്ഞ അദ്ദേഹം പട്ടികയില്‍ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്നറിയില്ലെന്നും ലിസ്റ്റിലുള്ളവരുടെ യോഗ്യതകള്‍ പരിശോധിക്കുകയാണെന്നും പറഞ്ഞിരുന്നു. അതിനായി കെപിസിസി ഒരു കമ്മറ്റിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.